വർക്കല: ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടുപോയ നേപ്പാളി കുടുംബങ്ങൾക്ക് എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷന്റെ സഹായഹസ്തം. റാംസിംഗ്, ഭാര്യ സുശീല, മകൾ പാർവ്വതി, ഗോപാൽസിംഗ്, ഭാര്യ മാലതി, മക്കളായ ബിനിത (3), ബീനീസ് എന്നിവർക്കാണ് ഫൗണ്ടേഷൻ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചത്. കഴിഞ്ഞ 15 വർഷക്കാലമായി വർക്കല വട്ടപ്ലാം മൂടിന് സമീപം രണ്ടു കുടുംബങ്ങളും വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇവർക്ക് മൂന്ന് ആഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ, ബി.ജോഷി ബാസു,പി.വി. ജോയ്,വർക്കല സനീഷ് എന്നിവർ ഗോപാൽ സിംഗിന്റെയും റാം സിംഗിന്റെയും താമസ സ്ഥലത്തെത്തി നൽകി. ഗോപാൽ സിംഗ് വർക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായും റാം സിംഗ് എസ്.എൻ കോളേജ് പരിസരത്തെ ടീച്ചേഴ്സ് കോളനിയിൽ ഗൂർഖയായും ജോലി ചെയ്യുകയാണ്.