police

വർക്കല: വിഷു അവധി കഴിഞ്ഞ് തൊട്ടടുത്ത ദിവസമായ ബുധനാഴ്ച വർക്കല താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചും പൊലീസിന്റെ കണ്ണുവെട്ടിച്ചുo നിരവധി വാഹനങ്ങൾ നിരത്തിലോടി. ലോക്ക് ഡൗൺ പിൻവലിച്ച പ്രതീതിയിലായിരുന്നു നാടും നഗരവും. നിരവധിപേർ നിരത്തിലിറങ്ങിയതോടെ വർക്കല അയിരൂർ പൊലീസ് കർശന പരിശോധന ഊർജിതപ്പെടുത്തുകയും ചെയ്തു. ബാങ്കുകളിൽ പോകാനാണ് വന്നതെന്നാണ് ഭൂരിഭാഗം പേരും പൊലീസിനോട് വെളിപ്പെടുത്തിയത്. ഇത് പൊലീസിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. പൊലീസിന്റെ കണ്ണെത്താത്തിടത്തുകൂടി സഞ്ചരിച്ച് ഇടറോഡുകൾ വഴി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന നിരവധി പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കാറിലും ബൈക്കിലുമായി അധികംപേരും കറങ്ങി നടക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസിന്റെ മൊബൈൽ പെട്രോളിംഗ് വർക്കല അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്.ലോക്ക് ഡൗൺ രണ്ടാഴ്ച പിന്നിടുമ്പോൾ അഞ്ഞൂറിൽപരം കേസുകളാണ് വർക്കല, അയിരൂർ, കല്ലമ്പലം, പളളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ നിയമലംഘനം നടത്തി വാഹനവുമായി റോഡിൽ ഇറങ്ങിയവരാണ് അധികവും. ഏകദേശം മുന്നൂറിൽപ്പരം വാഹനങ്ങളാണ് താലൂക്കിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിലുള്ളത്.