കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്ക്ഡൗൺ വേണ്ടവിധം നടപ്പാക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ ലോക്ക്ഡൗൺ കൃത്യമായി നടപ്പാക്കുന്നതിൽ മമത ബാനർജി സർക്കാർ നൂറു ശതമാനം പരാജയപ്പെട്ടെന്ന് ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് പൊലീസും ഉദ്യോഗസ്ഥരും പ്രോട്ടോക്കോളുകൾ പാലിക്കുന്നില്ല. നിയന്ത്രണങ്ങൾ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥരെ പുറത്താക്കി അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ ലോക്ക്ഡൗണിൽ അയവ് വന്നിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സംസ്ഥാനം കൃത്യമായി പാലിക്കുന്നില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
ചില പ്രദേശങ്ങളിൽ മാത്രം കേന്ദ്രസർക്കാർ അമിത ശ്രദ്ധചെലുത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ മറുപടി. തങ്ങൾ പോരാടുന്നത് വർഗീയ വൈറസുകളോടല്ലെന്നും മനുഷ്യരിലൂടെ പകരുന്ന വൈറസിന് എതിരെയാണെന്നും മമത പറഞ്ഞിരുന്നു.