കണ്ണൂർ: പാനൂരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെ അറസ്റ്റുചെയ്തു. പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്.
വിദ്യാർത്ഥിനിയെ സ്‍കൂളിലെ ടോയ്ടലറ്റിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിയുകയും ചെയ്‍തിരുന്നു. പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.ദിവസങ്ങളായി ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പത്മരാജനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധവുമായി പാനൂർ എസ്.പി ഓഫീസിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്ക് ഡൗൺ ലംഘിച്ചതടക്കമുള്ള കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്മരാജനെ കണ്ടെത്താനായി നാല് ബന്ധുവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു..
കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.
പത്മരാജനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.ജി.പിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈ.എസ്‍.പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.