vld-3

വെള്ളറട: പന്നിമലയിൽ വീട്ടിലെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലവരുന്ന കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. വിഷുവിന്റന്ന് അമരവിള എക് സൈസ് ഇൻസ്പെക്ടർ എൽ.ആർ. അജീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന 270 ലിറ്റർ കോടയും അൻപതിനായിരം രൂപ വിലയുള്ള വാറ്റ് ഉപകരണങ്ങളും ഒരു ലിറ്റർ ചാരായവുമാണ് പിടിച്ചത്. റസിലയ്യൻ എന്നയാളുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. റസിലയ്യനും കുടുംബവും ഇവിടെ നിന്ന് മാറി തമാസിക്കുകയായിരുന്നു. വീടും പുരയിടവും സമീപ വസ്തു ഉടമയായ ജയനാണ് നോക്കി നടത്തിയിരുന്നത്. ഇതിനിടയിലാണ് ജയനും അടുത്ത ബന്ധുവും ചേർന്ന് ചാരായ വാറ്റ് നടത്തിയിരുന്നത്. വാറ്റിയ ചാരായമെല്ലാം ഈസ്റ്റർ പ്രമാണിച്ച് വിറ്റിരുന്നു. എക്സൈസ് സംഘം എത്തുമ്പോൾ വീട്ടിലുണ്ടായിരുന്ന ജയൻ രക്ഷപ്പെട്ടു. അടുക്കളയിൽ ബാരലുകളിൽ കുഴിച്ചിട്ട നിലയിലും കന്നാസുകളിലുമായിരുന്നു കോടയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇൻസ് പെക്ടർ ഇ. രാജൻ,​ സി.ഇ.ഒ മാരായ രമേഷ് കുമാർ,​ വിജേഷ് വി,​ അരുൺ,​ അനീഷ് എസ് എസ്,​ ലാൽ കൃഷ്ണ,​ അനീഷ് ബി.ജെ,​ വനിത സിവിൽ എക്സൈസ് ഓഫീസർ കെ. അനിത,​ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.