piclee

കിളിമാനൂർ: ലോക്ക് ഡൗണിലും ഈ ദമ്പതിമാർ അച്ചാർ ഇടുന്ന തിരക്കിലാണ്.കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇവിടത്തെ അച്ചാർ എത്താത്ത സ്ഥലങ്ങളോ ഗൾഫ് രാജ്യങ്ങളോ ചുരുക്കം. പറഞ്ഞു വരുന്നത് കിളിമാനൂർ അടമ്മൺ ദേവിക മന്ദിരത്തിൽ രവീന്ദ്രൻ - രജനി ദമ്പതികളുടെ കാര്യമാണ്.വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്നവർ തിരികെ പോകുമ്പോൾ അവർക്ക് ഇവിടത്തെ അച്ചാർ ഉറപ്പായും വേണം. നാട്ടിലുള്ളവരുടെ എന്താവശ്യത്തിനും ഇവിടത്തെ അച്ചാർ ഉറപ്പ്. ലോക് ഡൗണിന് മുൻപ് വിദൂര സ്ഥലങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ അച്ചാറിനായി ആളുകൾ ഇവിടെ എത്തിയിരുന്നു.പലപ്പോഴും പരിസരവാസികൾക്കുപോലും കിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ ലോക് ഡൗൺ സമയത്തും പ്രാദേശിക തലത്തിൽ ആവശ്യക്കാർ ഏറെയാണെന്ന് ഇവർ പറയുന്നു. ലോക്ക് ഡൗണിൽ മത്സ്യം കിട്ടാതാവുകയും, കോഴിയിറച്ചിക്ക് തീ വിലയും ആയതോടെ ആളുകൾ അച്ചാർ ആശ്രയിക്കാനും തുടങ്ങി കച്ചവടവും കൂടി. അച്ചാറ് ഉണ്ടാക്കുന്നതിനു വേണ്ട മാങ്ങ, ചക്ക, കാരയ്ക്ക, ജാമ്പക്ക എന്ന് തുടങ്ങി മിക്കതും വീട്ടിലും സമീപത്തെ പുരയിടങ്ങളിലും സുലഭം, മറ്റാരും ഇതിനായി മിനക്കെടാറില്ലെന്നും, മായം ചേർത്ത പൊടികളോ, മറ്റൊരു അസംസ്കൃത വസ്തുക്കളോ ഉപയോഗിക്കാതെ നാടൻ വെളിച്ചണ്ണയിൽ വീട്ടിൽ തന്നെ പൊടിപ്പിച്ച മുളക് പൊടിയും മറ്റും ചേർത്ത് തയ്യാറാക്കുന്നതിനാൽ രുചിയും, മണവും ഒക്കെ കമ്പോളങ്ങളിലെ മറ്റ് ബ്രാൻഡ് അച്ചാറുകളെക്കാൾ മുന്നിൽ. അച്ചാറിന് പേരോ, മറ്റ് പരസ്യങ്ങളോ, മറ്റ് കച്ചവട തന്ത്രങ്ങളോ ഇല്ലെങ്കിലും ആവശ്യക്കാർ ഏറെ. കൊവിഡിന് മുൻപ് ഗൾഫുകാർ ഉൾപ്പെടെ നിരവധി പേർ ആവശ്യക്കാരുണ്ടായിരുന്ന ചൂര അച്ചാറാണ് ഇവിടത്തെ സ്പെഷ്യൽ. ഭാര്യ രജനിയുടെ കൈപ്പുണ്യമാണ് അച്ചാറുകളുടെ രുചി എന്ന് ഈ വൃദ്ധ ദമ്പതികൾ പറയുന്നു.