വെഞ്ഞാറമൂട്: പ്രതിസന്ധികളിൽ തളരാതെ പൊരുതി വിജയം നേടിയ നർത്തകി ചിത്രാ മോഹന് ലോക്ക് ഡൗൺ ഒന്നും പ്രശ്നമല്ല. വീട്ടിൽ ഇരുന്ന് നൃത്തത്തോടുള്ള ഉപാസനയാണ് ഈ 66ക്കാരിക്ക്. സാമൂഹ്യ മാദ്ധ്യമങ്ങളുടെയും മറ്റും തന്റെ ശിഷ്യർക്ക് ക്ലാസെടുക്കുന്നു. പുതിയ ചുവടുകൾ പറഞ്ഞു കൊടുക്കുന്നു.
ഇനി എന്ത് എന്ന് ചിന്തിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്ന സ്ത്രികൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുകയാണ് ചിത്രാമോഹന്റെ വിജയഗാഥ. ഒൻപതാം വയസിൽ തിരുവനന്തപുരം ശ്രീചിത്രാ പുവർ ഹോമിൽ ആരംഭിച്ച ജീവിതം. 66 വയസ് പിന്നിടുമ്പോൾ കനൽപ്പഥങ്ങളിലൂടെ നടന്നു കയറിയത് കേരളനടനത്തിന്റെ നെറുകയിലേക്ക്. ശാസ്തമംഗലം ശങ്കർ ലെയിനിൽ സി 20 ജ്യോതിയിൽ നടന ഭൂഷണം ചിത്രാമോഹൻ എന്ന 66 വയസുകാരി കേരളനടനം എന്ന കേരളീയ കലക്കായി ഉഴിഞ്ഞു വെച്ചത് ജീവിതം തന്നെയാണ്. കോട്ടയം ജില്ലയിൽ ജനനം. എട്ടാം വയസ്സിൽ ആദ്യമായി സ്റ്റേജിൽ കയറി.
ഒൻപതാം വയസിൽ അച്ഛന്റെ വിയോഗത്തിൽ അനാഥ. പിന്നീട് ജീവിതം തിരുവനന്തപുരം ശ്രീ ചിത്രാ പുവർ ഹോമിലായി. നീണ്ട പന്ത്രണ്ടു വർഷം അവിടെ തന്നെയായിരുന്നു ജീവിതം. 1975 ൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഡിപ്ലോമ നേടി. എട്ടു സംസ്ഥാനങ്ങളിൽ കേരളനടനത്തിന്റെ പ്രചാരവുമായി യാത്ര നടത്തി.
2013 ൽ വെഞ്ഞാറമൂട് ആലന്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന രംഗപ്രഭാതിൽ. ശേഷമുള്ള ജീവിതം ഇവിടെ തന്നെയാണ്. 1950 കാലഘട്ടത്തിൽ കേരളത്തിലെ ഏക നൃത്തരൂപമായിരുന്നു ഇന്നത്തെ കേരള നടനം. ആദ്യകാലത്തു കഥകളി നടനം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഗുരു ഗോപിനാഥൻ രാഗിണിയാണ് ഇതിന്റെ ഉപജ്ഞാതാവ്. 45 വർഷമായി കേരളനടനം ആടുന്ന ചിത്രക്ക് 2017 ൽ തീർത്ഥപാദ മണ്ഡപത്തിൽ അവതരിപ്പിച്ച പ്രശസ്ത എഴുത്തുകാരൻ പ്രഭാവർമ്മയുടെ 'ശ്യാമമാധവം ' എന്നും മനസിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.