ലക്നൗ: ഉത്തർപ്രദേശിൽ ആരോഗ്യപ്രവർത്തകർക്കുനേരെ വീണ്ടും ആക്രണമം. മൊറാദാബാദിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ ആരോഗ്യപ്രവർത്തകർക്കും ആംബുലൻസിനും നേരെ ഒരുകൂട്ടമാളുകൾ സംഘടിച്ച് കല്ലെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസുനേരെയും ഇവർ കല്ലെറിഞ്ഞു. ആർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല.
പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ പ്രദേശത്തുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച മറ്റൊരാളെ ആശുപത്രിയിൽ എത്തിക്കാനായി വന്നതായിരുന്നു ആരോഗ്യപ്രവർത്തകർ.
അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നു.ഡൽഹി, രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉത്തരേന്ത്യയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത്.