covid-

റിയാദ്: സൗദിയിൽ കൊവിഡ് ബാധിതരിൽ 186 പേർ ഇന്ത്യക്കാരാണെന്നു സ്ഥിരീകരിച്ചതായി ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സയിദ് ഓൺലൈൻ വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടു ഇന്ത്യാക്കാരാണ് മരിച്ചത്. രണ്ടു പേരും മലയാളികളാണ്. റിയാദ്, മദീന എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. ഇന്ത്യക്കാരെ സഹായിക്കാൻ സേവനം വിപുലപ്പെടുത്തിയതായി അംബാസിഡർ വ്യക്തമാക്കി.നിലവിൽ ആളുകളെ സൗദിയിൽ നിന്നും നാട്ടിലേക്കയ്ക്കാൻ പദ്ധതിയായിട്ടില്ലെന്നും വിമാന സർവീസ് തുടങ്ങുന്ന മുറയ്ക്കേ ഇത് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സൗദി ആവശ്യപ്പെടാതെ പ്രത്യേക മെഡിക്കൽ സംഘത്തെ ഇന്ത്യയിൽ നിന്നും അയക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതു പ്രവർത്തകർക്ക് പുറത്തിറങ്ങാൻ സർക്കാരിൽ നിന്ന് പാസ് ലഭിക്കില്ലെങ്കിലും സാമൂഹ്യ പ്രവർത്തകർക്ക് എംബസി ലെറ്റർ നൽകിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി സേവനങ്ങൾ നൽകാൻ ഇവർക്കാകുമെന്നാണ് കരുതുന്നത്. 26 ലക്ഷ്യം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളേയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി കേന്ദ്ര സർക്കാർ കാര്യങ്ങൾ ലഭ്യമാക്കുന്നതായും അംബാസിഡർ അറിയിച്ചു.

എംബസിക്ക് കീഴിൽ ആംബുലൻസ് സേവനവും എംബസി വാഹനങ്ങളും ഉപയോഗിക്കുവാനുമുള്ള നടപടിക്രമങ്ങൾക്കായി മന്ത്രാലയത്തിൽ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്. നിലവിൽ സൗദിയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ആശുപത്രികളിലെ ആംബുലൻസുകളും ഹജ്ജിനുപയോഗിക്കുന്ന ആംബലുൻസുകളും ഉപയോഗിക്കുവാൻ അനുമതി തേടിയിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകർക്ക് ലേബർ ക്യാമ്പ് സന്ദർശിക്കാവാനുള്ള സൗകര്യം ഒരുക്കും. ലേബർ ക്യാമ്പുകളുടെ ചുമതലയുള്ളയവരുമായി നിലവിൽ എംബസി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രയാസങ്ങൾ ശ്രദ്ധയിൽപെട്ടാൽ എംബസിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ എംബസിയിലെ ഹെൽപ്പ് ലൈൻ നമ്പരിൽ ഇതുവരെ ആയിരത്തോളം വിളികൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ത്യൻ ജനതയുടെ ഇവിടെയുള്ള ബാഹുല്യം വച്ച് നോക്കുമ്പോൾ ഇത് കുറഞ്ഞ എണ്ണമാണ്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നാണ് ഇത് കാണിക്കുന്നതെന്നും അംബാസിഡർ പറഞ്ഞു. ഇന്ത്യൻ എംബസി സ്‌കൂൾ ഫീസ് കുറക്കാൻ ഉന്നത വിദ്യാഭ്യാസ ബോർഡിൽ ആവശ്യപ്പെടും. അതേ സമയം എംബസി ജീവനക്കാരുടെയും സ്‌കൂൾ വാടകയും അടക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷമോ ഞായറാഴ്ചയോ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു