coronavirus

ന്യൂഡൽഹി: രാജ്യത്തെ 170 ജില്ലകൾ തീവ്രബാധിത മേഖലകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 207 ജില്ലകളെ രോഗം പടരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോൾ തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ അറിയിച്ചു. അതേസമയം രാജ്യത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ല. രാജ്യത്ത് ഇതുവരെ 11.41 ശതമാനം ആളുകൾ കൊവിഡ് രോഗമുക്തരായി.

തീവ്രബാധിത മേഖലകൾക്കായി ആരോഗ്യമന്ത്രാലയം മാർഗരേഖ പുറത്തിറക്കി. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. ക്യാബിനെറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്.

കൊവിഡ് പരിശോധന വ്യാപകമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിൾ പരിശോധിക്കും.

കൊവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.