തിരുവനന്തപുരം: ജയറാമും മകൾ മാളവികയും ഒരുമിച്ചഭിനയിച്ച പരസ്യചിത്രമാണ് ലോക്ക് ഡൗൺ കാലത്ത് ട്രോളന്മാർ എറ്രവും കൂടുതലാഘോഷിച്ചത്. എല്ലാദിവസവും രാവിലെ ഇത് സംബന്ധിച്ച് പുതിയ ട്രോളുകളിറങ്ങിയോയെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരതുന്ന ഒരാളുണ്ട് വേറെ ആരുമല്ല,​ ജയറാം തന്നെ. വേറൊന്നിനുമല്ല കണ്ട് ചിരിക്കാൻ. മാളവികയാകട്ടെ,​ ആ ട്രോളൊക്കെ ഇൻസ്റ്റാഗ്രാം വഴി ഷെയർ ചെയ്യുന്ന തിരക്കിലും. ഇതൊക്കെയൊരു രസമല്ലേ... ഈ കഷ്ടകാലത്തും ചിരിക്കാൻ എന്തെങ്കിലും വേണ്ടേ?​- ജയറാം ചോദിക്കുന്നു.

വീട്ടിലിരിക്കുന്നത് ബോറടിയേ അല്ലെന്നാണ് ജയറാമിന്റെ പക്ഷം. ജയറാമും പാർവതിയും കാളിദാസും മാളവികയും ഒന്നിച്ചിരുന്ന് പാട്ട് മത്സരവും കാരം കളിയും പരസ്‌പരം ട്രോളലുമായി ലോക്ക് ഡൗൺകാലം ആസ്വദിക്കുകയാണ്.

''പരമാവധി വീട്ടിലിരിക്കുന്നതു തന്നെയായിരുന്നു ശീലം. ഞാൻ മാത്രമല്ല,​ ‌ഞങ്ങൾ നാലുപേർക്കും. എല്ലാവരും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുന്നവർ. ഇപ്പോൾ, അത് കർക്കശമായെന്നു മാത്രം. പിന്നെ, സമൂഹത്തിന്റെയാകെ നന്മയ്ക്കു വേണ്ടിയാണല്ലോ ഈ നിയന്ത്രണം.

ലോക്ക്‌ ഡൗണിന് മുൻപും വീട്ടിലിരുന്ന് ശീലമുള്ളതിനാൽ പുതിയ പതിവുകളൊന്നും തുടങ്ങേണ്ടിവന്നില്ല. വീട്ടിലുള്ള സമയത്ത് പാചകത്തിൽ ഭാര്യയെ സഹായിക്കുന്ന മാതൃകാ ഭർത്താവാണ് ഞാൻ. വീടിനു മുകളിലെ പച്ചക്കറി തോട്ടം നനയ്ക്കൽ, കാർ കഴുകൽ എന്നിവയെല്ലാം എല്ലാവരും ചേർന്നു ചെയ്യും. അതിന് ഈ ലോക്ക് ഡൗൺ കാലത്തും മുടക്കമില്ല.

രാവിലെ പത്രങ്ങൾ വായിക്കും. മുമ്പത്തെക്കാൾ വിശാലമായി. ഇടയ്ക്കിടക്ക് ടി.വി.ന്യൂസ് കാണും. എന്തൊക്കെ സംഭവിച്ചു എന്നറിയണമല്ലോ. നമ്മൾ സുരക്ഷിതത്വത്തോടെ വീട്ടിലിരിക്കുമ്പോഴും, പുറത്ത് അങ്ങനയല്ലാത്ത ഒരുപാടുപേരുണ്ട്. നമുക്കു കഴിയാവുന്ന സഹായങ്ങൾ അവർക്കായി ചെയ്യുകയെന്നതു മനുഷ്യരെന്ന നിലയിൽ നമ്മുടെ കടമയാണ്. ലോകത്ത് ഇത്രയൊക്കെ പ്രശ്നങ്ങൾ നടക്കുമ്പോഴും, സർക്കാരും ബന്ധപ്പെട്ട അധികാരികളും കൈകൾ കൂപ്പി അഭ്യർഥിച്ചിട്ടും വെറുതെ പുറത്തിറങ്ങുന്നവരെ കാണുമ്പോൾ സങ്കടം തോന്നും. ഇതു നമുക്ക് ഓരോരുർത്തർക്കും വേണ്ടിയാണെന്ന് എല്ലാവരും മനസിലാക്കണം. ദയവായി കാഴ്ച കാണാൻ പുറത്തിറങ്ങരുത് എന്നത് എന്റേയും അഭ്യർത്ഥനയാണ്. ചെന്നൈയിൽ കൊവിഡ് രോഗികൾ കൂടുന്നതിൽ ആശങ്കയുണ്ട്. രാജ്യത്തെ പൊലീസുകാർക്കു ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് നൽകാനുള്ള സമയം കൂടിയാണിത്.