ബാങ്കോക്ക് : തായ്‌ലൻഡിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിൽ നിന്നും ഫോറൻസിക് ഉദ്യോഗസ്ഥന് വൈറസ് ബാധയേറ്റതായി സംശയമെന്ന് ശാസ്ത്രജ്ഞർ. ഇയാളും മരണത്തിന് കീഴടങ്ങിയിരുന്നു. ബാങ്കോക്കിലാണ് കേസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് മൃതദേഹത്തിൽ നിന്നും കൊവിഡ് ബാധയേറ്റ് ഒരാൾ മരിക്കുന്നത്. ജേണൽ ഒഫ് ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിൻ എന്ന പ്രസിദ്ധീകരണത്തിലാണ് ഗവേഷകർ ഈ വിവരം വെളിപ്പെടുത്തിയത്.
ഫോറൻസിക് ജീവനക്കാർ കൊവിഡിനെതിരെ ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സുരക്ഷാ വസ്ത്രങ്ങളും സജ്ജീകരണങ്ങളുമില്ലാതെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടനയടക്കം അനുശാസിക്കുന്നുണ്ട്. അതേ സമയം, മൃതദേഹത്തിൽ നിന്നും കൊവിഡ് വൈറസിന്റെ വ്യാപനരീതി എങ്ങനെയാണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല. 2,643 പേർക്കാണ് തായ്‌ലൻഡിൽ ഇതേവരെ കൊവിഡ് ബാധിച്ചത്. 43 പേർ മരിച്ചു.