പാറശാല: തീരദേശത്ത് കടൽ ക്ഷോഭം ശക്തമായതോടെ പൊഴിയൂരിൽ മത്സ്യത്തൊഴിലാളികൾ ഭീഷണിയിലാണ്. തമിഴ്നാടിൻറെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണത്തെ തുടർന്നാണ് പൊഴിയൂർ, തെക്കേ, കൊല്ലംകോട്, പരുത്തിയൂർ തീരങ്ങൾ കടലെടുക്കുന്നതിനും നശിക്കുന്നതിനും കാരണമാകുമെന്ന് മത്സ്യത്തൊഴിലാളികൾക്കിടയിൽ പരാതി ഉയർന്നിരുന്നു. അതിർത്തിക്കപ്പുറം തമിഴ്നാട് തീരത്തെ കൂറ്റൻ പാറകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള പുലിമുട്ട് 200 മീറ്ററോളം കടലിലേക്ക് തള്ളിനിൽക്കുന്നതിനാലാണ് തീരത്തേക്ക് എത്തുന്ന തിരമാലകളുടെ ഗതിമാറി പടിഞ്ഞാറു ദിശയിലേക്ക് എത്തുന്നത്. ഇത് കാരണമാണ് കേരളത്തിൻറെ കടൽഭിത്തി തകർത്തും തീരങ്ങൾ കടലെടുക്കുന്നത്. ഈ ദുസ്ഥിതി തുടർന്നാൽ കലക്രമേണ പൊഴിയൂർ കടൽ തീരം തന്നെ പൂർണമായും നഷ്ടപ്പെട്ടേക്കും എന്ന നിലയിലാണ്.