തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഓൺലൈൻ ക്ലാസുകൾ വ്യാപകമാക്കാൻ മന്ത്രി കെ.ടി. ജലീൽ വിളിച്ച വൈസ്ചാൻസലർമാരുടെ യോഗത്തിൽ തീരുമാനം. തീർക്കാനുള്ള സെമസ്റ്ററുകളിലെ നഷ്ടമായ ക്ലാസുകൾ ഇതിലൂടെ പൂർത്തീകരിക്കും.
സർവകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരുടെ ലൈവ് ക്ലാസുകൾ അസാപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യും. കോളേജ്, സർവകലാശാലാ വെബ്സൈറ്റുകളിൽ ഓൺലൈൻ ക്ലാസുകളുടെ ലിങ്കും നൽകും. ഇതിൽ നിന്ന് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ ക്ലാസുകളുമായി അദ്ധ്യാപകർ സഹകരിക്കണമെന്ന് മന്ത്രി ജലീൽ അഭ്യർത്ഥിച്ചു.
ഇന്നലെ സാങ്കേതിക സർവകലാശാലയുടെ എൻജിനിയറിംഗ് ക്ലാസുകൾ അസാപ്പ് പ്ലാറ്റ്ഫോമിൽ തത്സമയം നൽകിയപ്പോൾ ആയിരത്തിലേറെ കുട്ടികൾ കണ്ടു. ശേഷിക്കുന്നവർക്ക് അസാപ്പ് നൽകുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് എല്ലാ സർവകലാശാലകളിലേക്കും വ്യാപിപ്പിക്കും. കോളേജുകളിലെയും സർവകലാശാലകളിലെയും അദ്ധ്യാപകർ തങ്ങളുടെ ക്ലാസുകൾ വീഡിയോയിൽ പകർത്തി വിദ്യാർത്ഥികൾക്ക് വാട്സ് ആപ്പ് ചെയ്യുന്നുണ്ട്.
മാറ്റിവച്ച പരീക്ഷാ നടത്തിപ്പ്
പഠിക്കാൻ വിദഗ്ദ്ധ സമിതി
ലോക്ക് ഡൗൺ കാരണം നഷ്ടമായ ക്ലാസുകളും, മാറ്റിവച്ച പരീക്ഷകളും ,പൂർത്തിയായ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നൽകാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കും. ഒരാഴ്ചയ്ക്കകം സമിതി റിപ്പോർട്ട് നൽകണം. സമിതി അംഗങ്ങളെ വി.സിമാർക്ക് നിർദ്ദേശിക്കാം. സമിതിയുടെ ശുപാർശ പ്രകാരം അക്കാഡമിക് കലണ്ടർ പുനക്രമീകരിക്കും.
പൂർത്തിയാക്കിയ പരീക്ഷകളുടെ മൂല്യനിർണയം ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദ്ദേശം പാലിച്ച് നടത്തും. . ഉത്തരക്കടലാസുകൾ അദ്ധ്യാപകർക്ക് വീട്ടിൽ കൊണ്ടുപോയി മൂല്യനിർണയം നടത്താൻ അനുവദിക്കും. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് അദ്ധ്യാപകർക്ക് ഉത്തരക്കടലാസ് ശേഖരിക്കാൻ അനുമതി നൽകണമെന്ന് വി.സിമാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ അദ്ധ്യാപകർക്ക് ഉത്തരക്കടലാസുകൾ എത്തിക്കാൻ സർവകലാശാലകൾക്ക് അനുമതി നൽകണം. മൂല്യനിർണയം പൂർത്തിയായ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാൻ വി.സിമാർ അനുമതി തേടിയിട്ടുണ്ട്. ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഒമ്പത് സർവകലാശാലകളുടെ വി.സിമാരും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും പങ്കെടുത്തു.