aynkamam

പാറശാല: കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാന അതിർത്തിയിൽ കഴിയുന്നവരുടെ ദുരിതത്തിൽ ഒടുവിലത്തെ ഉദാഹരണമാണ് പാറശാല പഞ്ചായത്തിലെ അയ്ങ്കാമം വാർഡിന്റേത്. നാല് വശങ്ങളും തമിഴ്നാടിനാൽ ചുറ്റപ്പെട്ടതാണ് ഇവരുടെ അവസ്ഥയ്‌ക്ക് കാരണം. ഇവർക്ക് അടിയന്തര ആവശ്യങ്ങൾക്ക് പോലും പാറശാലയിലെത്താൻ കഴിയുന്നില്ല. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരെയും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കും തിരികെയും കടത്തി വിടാത്തതാണ് ഇവർക്ക് തിരിച്ചടിയായത്. അതിർത്തി കടന്നുപോകാൻ കേരള അതിർത്തിയിലുള്ള കേരള പൊലീസും അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

തമിഴ്നാട്ടിലായ വാർഡുകൾ

---------------------------------------------------------

കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും തമിഴ്‌നാട്ടിൽ അസുഖം വ്യാപിച്ചതിനാൽ അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പാറശാലയിലെ ആശുപത്രികളിലോ ബാങ്കുകളിലോ പോകാൻ കളിയിക്കാവിളയിലെത്തണം. അയ്ങ്കാമം വാർഡിൽ ഏകദേശം 900 വീടുകളുണ്ട്. സമീപ വാർഡുകളായ വന്യക്കോടിലെ 150 വീടുകളും ഇഞ്ചിവിള വാർഡിലെ 100 വീടുകളും തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ്. ഇവിടെ താമസിക്കുന്നവർക്ക് പാറശാലയിൽ പോകണമെങ്കിൽ കളിയിക്കാവിളയിൽ എത്തണം. കളിയിക്കാവിള മുസ്ലിം പള്ളിക്ക് മുൻവശത്തുള്ള റോഡും ദേശീയപാതയ്‌ക്ക് പുറകുവശത്തെ ഇടറോഡും ഇപ്പോൾ തമിഴ്നാട് പൊലീസ് അടച്ചിരിക്കുകയാണ്. ആശുപത്രിയിൽ പോകാനെത്തുന്നവരോട് മാർത്താണ്ഡത്തെ വെട്ടുമണി ആശുപത്രിയിൽ പോകാനാണ് പൊലീസ് നിർദ്ദേശം. പോകണമെന്ന് ആവശ്യപ്പെട്ടാൽ മടങ്ങി വരരുത് എന്ന താക്കീതും തമിഴ്നാട് പൊലീസ് നൽകുന്നു.

തമിഴ്നാട് അതിർത്തിയിലുള്ളത്

-----------------------------------------------------------

അയ്ങ്കാമം വാർഡിൽ - 900 വീടുകൾ

വന്യക്കോടിൽ - 150 വീടുകൾ

ഇഞ്ചിവിള വാർഡിൽ - 100 വീടുകൾ

പ്രതികരണം

-------------------------------------------------------------------------

ഈ പ്രദേശങ്ങളിലുള്ളവർക്ക് സത്യവാങ്മൂലം നൽകിയാൽ കേരളത്തിലേക്ക്

വരാനുള്ള സൗകര്യം ഏ‍ർപ്പെടുത്തിയിട്ടുണ്ട് - സി.കെ. ഹരീന്ദ്രൻ എം.എൽ.എ

ഫോട്ടോ: പാറശാല ഗ്രാമ പഞ്ചായത്തിലെ അയ്ങ്കാമം

വാർഡ് ഉൾപ്പെട്ട അതിർത്തി പ്രദേശം