തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമായെങ്കിലും, ചങ്ങല പൊട്ടിയെന്ന് പ്രഖ്യാപിക്കാനോ, ആശ്വാസം കൊള്ളാനോ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രോഗ നിയന്ത്രണം പൂർണ്ണതയിലെത്തിയെന്ന് ധരിച്ച് ഇളവുകളിലേക്ക് കടന്നാൽ രോഗം പിന്നെയും കടന്നുവരാനുള്ള സാദ്ധ്യതയുണ്ട്. ഇതൊരു മഹാമാരിയായത് കൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും അവസ്ഥ കൈവിട്ട് പോകാമെന്ന് കരുതിയിരിക്കണം. ഇപ്പോൾ രോഗനിയന്ത്രണത്തിൽ പുരോഗതി കൈവരിക്കാനായതിന് പ്രധാന കാരണം ജനങ്ങളാണ്. ഇത്രയും ദിവസം വീടുകളിൽ ഒതുങ്ങിക്കഴിയാനും ശരിയായ രീതിയിലുള്ള നിയന്ത്രണങ്ങൾ പാലിച്ച് നീങ്ങാനുമുള്ള ഉയർന്ന ബോധനിലവാരം അവർ കാട്ടി. ആരോഗ്യപ്രവർത്തകരടക്കമുള്ള ഏജൻസികളുടെ നടപടികളും നല്ല രീതിയിലുണ്ടായി.
കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച ഇളവുകളുടെ കാര്യത്തിലും തകരാറുകളില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി തുടരേണ്ട ഘട്ടമാണിത്. ഈ സാഹചര്യത്തിൽ നമ്മുടേതായ പ്രത്യേകതകൾ വച്ചുകൊണ്ടുള്ള നടപടികളാകും ഇന്ന് മന്ത്രിസഭായോഗം തീരുമാനിക്കുക. പരമ്പരാഗത മേഖലയെ സംബന്ധിച്ച്, കേന്ദ്രസർക്കാർ ചണത്തിന്റെ കാര്യം പറഞ്ഞു. എന്നാൽ, കേരളത്തിൽ കയറും കശുഅണ്ടിയും കൈത്തറിയും ബീഡിയുമടക്കമുള്ളവ കണക്കിലെടുക്കേണ്ടി വരും. തോട്ടങ്ങളുടെ കൂട്ടത്തിൽ ഏലം ഉൾപ്പെടണം. ഇത്തരത്തിൽ അടിസ്ഥാനപരമായി കേന്ദ്രതീരുമാനത്തിൽ യോജിച്ച് നിന്നു കൊണ്ട് തന്നെ ,നമ്മുടേതായ ചില കൂട്ടിച്ചേർക്കലുകളാണ് വേണ്ടിവരുക-മുഖ്യമന്ത്രി വ്യക്തമാക്കി.