തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം കൂടുതൽ ഫലം കാണുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം.കണ്ണൂർ സ്വദേശിക്ക്. രോഗം പകർന്നത് സമ്പർക്കം മൂലം.
കൊവിഡ് പത്തനംതിട്ടയിൽ മാർച്ച് 8 ന് തല നീട്ടിയ ശേഷം ഇതാദ്യമാണ് ദിവസത്തിൽ രോഗ വ്യാപനം ഒരാളിലൊതുങ്ങുന്നത്. ഒരു ദിവസം 39 പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ഏറ്റവും കൂടുതൽ. രോഗം ഭേദമായവരുടെ എണ്ണവും ഇന്നലെ കൂടി. ഇന്നലെ ഏഴ് പേർക്ക് കൂടി രോഗം മാറിയതോടെ മൊത്തം കൊവിഡ് സുഖപ്പെട്ടവരുടെ എണ്ണം 218 ആയി. നിലവിൽ 167 പേരാണ് ചികിത്സയിലുള്ളത്. രണ്ടു പേർ രോഗം ബാധിച്ച് മരിച്ചു.
കൊവിഡ് സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴേക്ക് വന്നതും ശുഭസൂചനയായി. ഏപ്രിൽ നാലിന് 1713555 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇന്നലെ അത് 97,464 പേരായി കുറഞ്ഞു.ഇവരിൽ 96,942 പേർ വീടുകളിലും 522 പേർ ആശുപത്രികളിലുമാണ്.രോഗലക്ഷണങ്ങളുള്ള 16,745 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 16,002 ഫലങ്ങൾ നെഗറ്റീവാണ്. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 387 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഇന്നലെ 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സമ്പർക്കം വഴി 114 പേർക്ക് രോഗം പകർന്നു