1

കുളത്തൂർ: വാഹന പരിശോധനയ്‌ക്കിടെ ഹോംഗാർഡിനെ ബൈക്ക് യാത്രക്കാരൻ ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നത് മോഷണക്കേസുകളിലെ പ്രതി ബാഹുലേയനാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൗണ്ടുകടവിന് സമീപത്താണ് സംഭവം. അപകടത്തിൽ ഹോംഗാർഡിനും വാഹനം ഓടിച്ചുവന്ന മോഷ്ടാവിനും പരിക്കേറ്റു. അപകടത്തിൽ ഹോംഗാർഡ് പാർത്ഥിപന് 60) കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

മെഡിക്കൽകോളേജ് ഈന്തിവിള സ്വദേശി ബാഹുലേയനാണ് (56 ) മോഷ്ടിച്ച ബൈക്കിലെത്തി ഹോംഗാർഡിനെ ഇടിച്ചുതെറിപ്പിച്ചത്. ഇയാളെ തുമ്പ പൊലിസ് അറസ്റ്റുചെയ്‌തു. ബൈക്കിന് പൊലീസ് കൈകാണിച്ചെങ്കിലും ബാഹുലേയൻ വാഹനം നിറുത്താതെ അമിത വേഗതയിൽ ഓടിച്ചുപോയി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ബൈക്കിനെ പിന്തുടരുകയും വേളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വയർലെസിലൂടെ അറിയിക്കുകയും ചെയ്തു. ഇതിനിടെ വേളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് വാഹനം നിറുത്താനായി കൈകാണിച്ച പാർത്ഥിപനെ ഇടിച്ചുവീഴ്‌ത്തിയ ശേഷം ബെെക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തുടർന്ന് ഇരുവരെയും പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ ഹോംഗാർഡിന് തലയ്‌ക്ക് ആഴത്തിലുള്ള മുറിവും കൈയ്‌ക്ക് പൊട്ടലുമുണ്ട്. വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ബാഹുലേയന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ബാഹുലേയന്റെ ചിത്രവും വിവരങ്ങളുമായി ഒത്തുനോക്കിയാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. കഠിനംകുളത്ത് മോഷണം നടത്തിയ ശേഷം തിരികെ വരുമ്പോഴാണ് സംഭവം. അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിരവധി സ്റ്റേഷനുകളിൽ വാഹന മോഷണം, ഭവനഭേദനം, പിടിച്ചുപറി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഇയാളെന്ന് തുമ്പ പൊലീസ് പറഞ്ഞു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ നിന്നും വിട്ടയച്ചശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.