cancer

തിരുവനന്തപുരം: കാൻസർ ചികിത്സാരംഗത്ത് വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലുമായി 22 ഇടങ്ങളിൽ കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാൻസർ രോഗികൾ. അവർക്ക് കൊവിഡ് 19 ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരമാകും. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ ചികിത്സ ഒരുക്കുന്നത്.

ഇപ്പോൾ ആർ.സി.സി.യുമായി ചേർന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണൽ കാൻസർ സെന്ററുകളുമായും സഹകരിച്ച് ചികിത്സ സൗകര്യം വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ആർ.സി.സി.യിൽ ചികിത്സ തേടുന്ന രോഗികളുടെ വിവരങ്ങൾ അവരുടെ സമീപപ്രദേശത്തെ ആശുപത്രികൾക്ക് കൈമാറും. ആർ.സി.സി.യിലെ ഡോക്ടർമാർ ടെലികോൺഫറൻസിലൂടെ ഈ ആശുപത്രികളിലെ ഡോക്ടർമാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കും. ഇവർക്കാവശ്യമായ മരുന്നുകൾ കെ.എം.എസ്.സി.എൽ മുഖേന കാരുണ്യ കേന്ദ്രങ്ങൾ വഴി എത്തിക്കും. രോഗികളുടെ തിരക്ക് കുറയ്ക്കാൻ അവരെ മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ചികിത്സാ തീയതി നിശ്ചയിക്കുക.

ചികിത്സ ഇവിടങ്ങളിൽ

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, പാലാ ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി കഞ്ചിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി.