pinarayi

തിരുവനന്തപുരം: കൂത്തുപറമ്പിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടിയെടുത്ത് വരുകയായിരുന്നു. എന്നാൽ അയാളെ ഒളിപ്പിക്കാൻ ചിലർ ശ്രമിച്ചു. അതിന്റെ ഫലമായി താമസമുണ്ടായി. ഇന്നലെയാണ് അറസ്റ്റ് ചെയ്യാനായത്.

"ഷാജിയുടേത് വികൃത മനസ്സ്"

റമദാൻ മാസത്തിലെ പുണ്യപ്രവൃത്തിയായ സക്കാത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സർക്കാരിലേക്ക് കൈമാറണമെന്ന തന്റെ അഭ്യർത്ഥനയ്ക്കെതിരെ ലീഗ് എം.എൽ.എ കെ.എം. ഷാജി നടത്തിയ പ്രതികരണം എം.എൽ.എ സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷുക്കൂർ വധക്കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് വക്കീലിനെ ഏർപ്പാടാക്കാൻ മുഖ്യമന്ത്രിക്ക് തുക നൽകി സഹായിക്കണമെന്ന പരിഹാസമാണ് ഷാജി നടത്തിയത്. ശുദ്ധനുണയാണ് അദ്ദേഹം പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണോ വക്കീൽ ഫീസ് കൊടുക്കുന്നത്? ഇതിന്റെയൊന്നും സാങ്കേതികത്വം അറിയാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിത്. നാടാകെ ഒറ്റക്കെട്ടായി പൊരുതുമ്പോൾ ചില വികൃത മനസ്സുകൾ കൂട്ടത്തിലുണ്ടാവും. ചിലരങ്ങനെ ഒറ്റപ്പെട്ട് ഗ്വാ, ഗ്വാ ശബ്ദമുണ്ടാക്കിയാൽ അതാണ് ഏറ്റവും വലിയ ശബ്ദമെന്ന് കരുതേണ്ടതില്ല.