തിരുവനന്തപുരം: ലോക്ക് ഡൗൺ കാലാവധി മേയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണം കർശനമാക്കിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സിറ്റി പൊലീസ് കമ്മിഷണർ നൽകിയതും കളക്ടറിൽ നിന്ന് ലഭിച്ചതുമല്ലാത്ത പാസുകളുമായി ആരും റോഡിലിറങ്ങാൻ പാടില്ല. മറ്റു നിയമാനുസൃതമല്ലാത്ത പാസുകളുമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ഐ.ഡി കാർഡുകളും സർക്കാർ വാഹനങ്ങളും അനാവശ്യയാത്രകൾക്കായി ദുരുപയോഗം ചെയ്താലും കർശന നടപടിയുണ്ടാവും. ഹോം ഫുഡ് ഡെലിവറി, ഹോം മെഡിസിൻ ഡെലിവറി മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്കായി നിലവിൽ പാസ് കിട്ടിയിട്ടുള്ളവർ കമ്മിഷണർ ഓഫീസിൽ അപേക്ഷ നൽകി പാസുകൾ പുതുക്കണം. ഇവർ പഴയ പാസും ഹാജരാക്കണം.
ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണിൽ നൽകുക
പാവപ്പെട്ടവർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം കൊടുക്കാനെന്ന വ്യാജേന സന്നദ്ധ സംഘടനകളുടെയും സ്വകാര്യ സ്ഥാപങ്ങളുടെയും പേരിൽ പുറത്തിറങ്ങുന്നത് അനുവദിക്കില്ല. ഭക്ഷണ സാധനങ്ങൾ കൊടുക്കാൻ സന്നദ്ധരായ വ്യക്തികളോ സംഘടനകളോ സ്വകാര്യസ്ഥാപനങ്ങളോ അവ കമ്മ്യൂണിറ്റി കിച്ചണിൽ നൽകുകയോ ഡിസ്ട്രിക്ട് ലേബർ ഓഫീസർക്ക് കൈമാറുകയോ ചെയ്യണം.
മരണം, മെഡിക്കൽ ആവശ്യങ്ങൾ, തൊട്ടടുത്ത ദിവസം നടക്കുന്ന കല്യാണം എന്നിവയ്ക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്രകൾക്ക് അനുമതി ലഭിക്കൂ. ഇവർ അതിനായി ഓൺലൈനിൽ അപേക്ഷ നൽകി പാസ് എടുക്കണം
ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും അന്യ ജില്ലകളിലേക്ക് അവരുടെ ഐഡന്റിറ്റി കാർഡ് ദുരുപയോഗം ചെയ്ത് അനാവശ്യ യാത്ര നടത്തരുത്
സിറ്റി അതിർത്തി പൂർണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരും
മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആളുകളെ സിറ്റി അതിർത്തി കടത്തിവിടൂ
സർക്കാരിന്റെയും പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം
അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടി സ്വീകരിക്കും