തിരുവനന്തപുരം:ലോക്ക് ഡൗൺ ലംഘിച്ച 143 പേർക്കെതിരെ ഇന്നലെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു.125 വാഹനങ്ങൾ പിടിച്ചെടുത്തു.കോവളത്ത് ലോക്ക് ഡൗൺ ലംഘിച്ച് ബീച്ചിൽ ഒത്തുകൂടുകയും കടലിൽ കുളിക്കുകയും ചെയ്ത 17 വിദേശികൾക്കെതിരെയും കേസെടുത്തു. 5 ഹോട്ടലുകൾക്കെതിരെയും കേസെടുത്തു. വിജയ് ശർമ്മ ബീച്ച് റിസോർട്ട്, ബീറ്റിൽ ബീച്ച് റിസോർട്ട് , ആദം ബീച്ച് റിസോർട്ട്, കാലിഫോർണിയ ബീച്ച് റിസോർട്ട്, തിരുവോണം ബീച്ച് റിസോർട്ട് എന്നീ ഹോട്ടലുകൾക്കെതിരെയാണ് കേസെടുത്തത്. കോവളത്ത് വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്ന വിദേശികളാണ് ഇന്നലെ രാവിലെ ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് കൂട്ടമായി കടലിൽ കുളിച്ചത്.

ഇന്നലെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമെടുത്ത കേസുകളിൽ കൂടുതലും നേമം, വിഴിഞ്ഞം, കോവളം സ്‌റ്റേഷനുകളിലാണ്. 105 ഇരുചക്ര വാഹനങ്ങളും 14 ആട്ടോറിക്ഷകളും 5 കാറുകളും ഒരു ലോറിയുമാണ് പിടിച്ചെടുത്തത്. സിറ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരിശോധനയിലാണ് അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ ലോക്ക് ഡൗൺ ലംഘനം നടത്തിയ 120 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും അനാവശ്യ യാത്ര ചെയ്ത 23 പേർക്കെതിരെയുമാണ് കേസുകൾ എടുത്തതെന്ന് കമ്മിഷണർ അറിയിച്ചു.