ബാലരാമപുരം: കൂടുതൽ പേരുണ്ടെന്ന കാരണത്താൽ ഗർഭിണിയുമായി പോയ വാഹനം പൊലീസ് തിരികെ അയച്ചു. പാപ്പനംകോടിന് സമീപം ഇന്നലെ രാവിലെ 9 ഓടെയാണ് സംഭവം. പെട്ടെന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയന്റെ മരുമകൾ അപർണയെ ശാസ്‌തമംഗലം ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഡ്രൈവറെക്കൂടാതെ അപർണയുടെ മാതാവ് റാണിയും പ്രസിഡന്റും ഒപ്പമുണ്ടായിരുന്നു. നാലുപേർ വാഹനത്തിൽ യാത്ര ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ ശകാരം. താൻ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റാണെന്നും ​ തീരെ സുഖമില്ലാതെ മരുമകൾ കാറിലുണ്ടെന്നും കടത്തിവിടണമെന്നും പൊലീസിനോട് അഭ്യർത്ഥിച്ചു. നാലുപേരെ കടത്തിവിടാൻ അനുമതിയില്ലെന്നും വാഹനം തിരികെ വിടണമെന്നും പൊലീസ് പറഞ്ഞു. അപർണയുടെ ചികിത്സാ കാർഡ് കാണിച്ചിട്ടും പോകാൻ പൊലീസ് അനുവദിച്ചില്ല. കടത്തിവിടില്ലെന്ന് തീർത്ത് പറഞ്ഞശേഷം പൊലീസ് ഇവരെ വിരട്ടി തിരികെ അയയ്ക്കുകയായിരുന്നു. ഒടുവിൽ അപർണയുടെ മാതാവ് റാണിയെ തിരികെ വീട്ടിലാക്കിയ ശേഷം ഊരൂട്ടമ്പലം,​ മലയിൻകീഴ്,​ പേയാട് വഴിയാണ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും രക്തസ്രാവത്തെ തുടർന്ന് അപർണ തീരെ അവശയായിരുന്നു.

പൊലീസുകാർക്കെതിരെ നടപടി വേണം

ഗർഭിണിയെ വഴിയിൽ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണം. സി.ഐ,​ എസ്.ഐ റാങ്കിലുള്ളവർ വഴിയിൽ തടയാൻ രംഗത്തുണ്ടായിരുന്നു. താൻ പഞ്ചായത്ത് പ്രസിഡന്റ് ആണെന്നും ഗർഭിണിയായ മരുമകൾ രക്തസ്രാവത്തെ തുടർന്ന് അവശനിലയിലാണെന്ന് പറഞ്ഞിട്ടും പൊലീസ് പോകാൻ അനുവദിച്ചില്ല. എന്നാൽ പള്ളിച്ചൽ,​ വെള്ളായണി ഭാഗത്ത് പൊലീസ് വാഹനം കടത്തിവിട്ടു. ഗർഭിണിയെന്ന പരിഗണന നൽകാത്തത് നീതി നിഷേധമാണ്.

മല്ലികാ വിജയൻ,​ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്