കോവളം: വാഴമുട്ടം ചെങ്കോടി തോപ്പിൽ വീട്ടിലെത്തിയാൽ നാം അറിയാതെ കൈകൂപ്പി പോകും. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത ഗണപതി, മുരുകൻ, അയ്യപ്പൻ, ദുർഗാദേവി, അറ്റുകാൽ ഭഗവതി ശ്രീനാരായണഗുരു അടക്കമുള്ളവരുടെ നൂറോളം ശില്പങ്ങൾ ഇവിടെ കാണാം. ലോക്ക് ഡൗൺ ആയതോടെ ഇവിടെ സദാസമയവും ശില്പനിർമ്മാണത്തിൽ വ്യാപൃതരാണ് അശോകനും മകൻ ആനന്ദ് അശോകും. ശിവന്റെയും ദേവിയുടെയും ശില്പങ്ങളുടെ അവസാന മിനുക്ക് പണിയിലാണ് ഇവർ. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സൂര്യോയോദയത്തിന് മുമ്പ് അച്ഛനും മകനും ഉണരും പിന്നെയങ്ങോട്ട് വിശ്രമമില്ലാത്ത ജോലിയിലാണ്. കരവിരുതിൽ ദേവന്മാർ ജന്മമെടുക്കും. സ്‌കൂൾ പഠനകാലം മുതൽ ചിത്രരചനയിലും ക്ലേ മോഡലിംഗിലും പാട്ടുപാടുന്നതിലും എല്ലാം തത്പരനായിരുന്ന അശോകന് ശാസ്ത്രീയമായി ഇതിലൊന്നും പരിശീലനം നേടാനായില്ല. എങ്കിലും മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുമായിരുന്നു. തന്റെ എട്ടാം വയസിൽ വീടിന് സമീപത്തെ വയ്‌ക്കോൽ കുളത്തിനടുത്തു നിന്ന് ശേഖരിച്ച കളിമണ്ണ് ഉപയോഗിച്ച് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഒരു പെൺകുട്ടി നിൽക്കുന്ന ശില്പവും, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചു കുഞ്ഞിന്റെ ശില്പവും നിർമ്മിച്ചു. എന്നാൽ വീട്ടുകാരിൽ നിന്ന് യാതൊരു പിന്തുണയും കിട്ടിയില്ല. 1986 ൽ അശോകൻ കോവളത്തെ കുടുബവീട്ടിൽ ആദ്യമായി ദേവിയുടെ ഒരു ശില്പം തീർത്തു. അത് ശരിയ്ക്കും ചൈതന്യം തുളുമ്പുന്ന ഒരു ശില്പമായിരുന്നു. പ്രദേശവാസികൾ വീട്ടിലെത്തി വണങ്ങാൻ തുടങ്ങി. ഇതോടെയാണ് ശില്പകലയിൽ അശോകന് ആത്മ വിശ്വാസമായത്. തന്റെ ശില്പങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിലേക്ക് ശില്പനിർമ്മാണരംഗത്ത് വിദഗ്ദ്ധരുടെ കരവിരുതും വ്യത്യസ്തതയും നേരിട്ടു കാണാനും പഠിക്കാനും തയ്യാറെടുക്കുതോടൊപ്പം പിന്തുണയും പ്രോത്സാഹനങ്ങളും തനിക്ക് പ്രചോദനമാണെന്നതിൽ അശോകും മകനും വിനീതരാകുന്നു.
വേറിട്ട നിർമ്മാണം
നിർമ്മാണത്തിൽ മോൾഡ് ഉപയോഗിക്കാറില്ല. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെ തിരുമുടികളിലെ പെയിന്റിംഗ് വർഷങ്ങളായി ചെയ്തുവരുന്നതും അശോകനാണ്. തന്റെ കഴിവുകൾ തിരിച്ചറിഞ്ഞുള്ള ചെറിയ അംഗീകാരങ്ങൾ ലഭിച്ചു തുടങ്ങിയതിന്റെ സന്തോഷം അശോകൻ പങ്കുവച്ചു. 2019 ൽ അശോകനെ ഇന്റർ നാഷണൽ വെർച്വൽ പീസ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കൂടാതെ പീപ്പിൽ ഫോറം ഒഫ് ഇന്ത്യ ഭാരത് സേവക് സമാജ്, ഗ്ലോബൽ ഹൂമൻ പീസ് യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന് ഭാരത് കലാ രത്ന അവാർഡും ലഭിച്ചു.