തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളുടെ പൂർണ്ണ നിയന്ത്രണവും വിശകലനവും സർക്കാർ ഏജൻസിയായ സി-ഡിറ്റിന് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതിനുള്ള ആമസോൺ ക്ലൗഡ് പശ്ചാത്തലസൗകര്യങ്ങൾ എത്രയും പെട്ടെന്നൊരുക്കി പ്രവർത്തനക്ഷമമാകാനും വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനുമുള്ള സോഫ്റ്റ്‌വെയറുകൾ പൂർണ്ണ ഉടമസ്ഥതയിൽ വിന്യസിക്കാനും സി-ഡിറ്റിനോട് നിർദ്ദേശിച്ചു.ജനങ്ങളുടെ മനസ്സിലെ സംശയങ്ങൾ അകറ്റാനാണിതെന്നും സ്പ്രിംഗ്‌ളർ ഡാറ്റാശേഖരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകി.
വിവര ചോർച്ചയ്ക്കുള്ള
വിദൂരസാദ്ധ്യതയുമില്ല
സ്പ്രിംഗ്‌ളർ സൗജന്യമായി നൽകുന്ന സാസ് (സോഫ്റ്റ്‌വെയർ ആസ് എ സർവീസ്) ആപ്ലിക്കേഷനും സി-ഡിറ്റ് സംവിധാനത്തിലൂടെ വിന്യസിക്കപ്പെടുമ്പോൾ വിവര ചോർച്ചയ്ക്കുള്ള വിദൂരസാദ്ധ്യതയും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
* മലയാളിയായ രാഗി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പ്രിംഗ്‌ളർ കമ്പനി. വിവരച്ചോർച്ചയുണ്ടാകില്ലെന്ന്
ഉറപ്പ് വരുത്തിയാണ് കരാർ ഒപ്പിട്ടത്. വിവാദങ്ങൾ അനാവശ്യമാണ്.
*ഗൂഗിളും മൈക്രോസോഫ്റ്റുമുൾപ്പെടെ പ്രമുഖ കമ്പനികൾക്കെല്ലാമെതിരെ ഉണ്ടാകാറുള്ള സ്വാഭാവിക നിയമനടപടിയാണ് സ്പ്രിംഗ്‌ളറിനെതിരെയുമുണ്ടായത്.
*സർക്കാരിന് സാമ്പത്തികബാദ്ധ്യതയില്ലാത്തതും നിയമസാധുതയുള്ളതുമായ കരാറായതിനാൽ നിയമവകുപ്പ് കണ്ടിട്ടില്ല.
*കാലാവധി തീരുന്ന സെപ്റ്റംബർ 24ന് ശേഷവും കരാർ തുടരുന്നെങ്കിലേ ഫീസ് നൽകേണ്ടതുള്ളൂ.
*കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാ വകുപ്പുകളും പരമാവധി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ശരിയായി പെട്ടെന്ന് വിശകലനം ചെയ്ത് മുൻകരുതലെടുത്താലേ രോഗപ്രതിരോധം സാദ്ധ്യമാകൂ.
*ഫേസ്ബുക്ക്,ട്വിറ്റർ, വാട്സാപ്പ്, ഫോൺകോളുകൾ, ഇ-മെയിൽ എന്നിവയിലൂടെയെല്ലാം ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കാൻ കഴിവുള്ള സ്ഥാപനമാണ് സ്പ്രിംഗ്‌ളർ. ഇവരുടെ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണ് സംസ്ഥാനം ചെയ്യുന്നത്.
*സർക്കാർ ഉടമസ്ഥതയിലാവും വിവരശേഖരണം, രാജ്യത്തിനകത്തുള്ള സെർവറിൽ തന്നെ ഡാറ്റ സൂക്ഷിക്കണം, ഇത് മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തരുതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
*കരാറിന് പിന്നിലെ വിവരങ്ങൾ പൊതുസമൂഹത്തെ അറിയിച്ചു . സർക്കാരിന് ഒളിച്ചുകളിയില്ല. പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ഏത് നിർദ്ദേശവും സ്വീകരിക്കും.
റേഷൻകാർഡ് വിവരം
ചോർന്നിട്ടില്ല
റേഷൻകാർഡ് വിവരവും പുറത്തുള്ള ഒരു സ്ഥാപനത്തിനും കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാത്ത ബി.പി.എൽ കാർഡുകാർക്ക് ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു. ബി.പി.എൽ റേഷൻകാർഡ് വിവരശേഖരണവും സാമൂഹ്യസുരക്ഷാ പെൻഷൻ വിവരവും താരതമ്യം ചെയ്ത് അർഹരെ കണ്ടെത്താൻ ധനവകുപ്പ് ഐ.ടി വകുപ്പിന് കീഴിലെ ഐ.ഐ.ഐ.ടി.എം-കെയെ ഏല്പിച്ചു. അവർ മാത്രമാണിത് പൂർത്തിയാക്കിയത്.
ഇതിന് മുമ്പത്തെ ദുരന്തങ്ങൾ കൈകാര്യം ചെയ്തതിനെപ്പറ്റിയുണ്ടായ ചോദ്യങ്ങൾക്ക് ,ഏതൊരാളും നൽകുന്ന സ്വാഭാവികപ്രതികരണമാണ് ഐ.ടി സെക്രട്ടറി സ്പ്രിംഗ്‌ളർ കമ്പനിയുടെ വെബ്സൈറ്റിൽ നടത്തിയതെന്നും ,അതെങ്ങനെ അഭിനയമാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.ആ പരസ്യം നീക്കിയതിനെപ്പറ്റി, നീക്കിയവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.