തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ നിർമ്മിച്ച 500 ഫേസ് ഷീൽഡുകൾ മന്ത്രി എ.സി.മൊയ്തീൻ ശ്രീചിത്ര ആശുപത്രി സൂപ്രണ്ടിന് കൈമാറി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ സന്നിഹിതനായിരുന്നു. മാസ്‌കിന് മുകളിൽ മുഖത്തിന് കവചമയാണ് ഫേസ് ഷീൽഡുകൾ ഉപയോഗിക്കുന്നത്.മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥികളാണ് ഫേസ് ഷീൽഡ് നിർമാണത്തിന്റെ സാങ്കേതിക വിദ്യ പഠിപ്പിച്ചത്. കരകുളം സി.ഡി.എസിൽ കല്ലയം വാർഡിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റായ അക്ഷയ സംരംഭ യൂണിറ്റിനെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫേസ് ഷീൽഡ് നിർമാണത്തിന് ചുമതലപ്പെടുത്തിയത്. 15 രൂപയാണ് നിർമ്മാണ ചെലവ്. അടുത്ത ഘട്ടത്തിൽ 1000 ഫേസ് ഷീൽഡുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന് നിർമ്മിച്ചു നൽകും. കൂടുതൽ അംഗീകാരവും ആവശ്യകതയും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓർഡറുകൾ ഏറ്റെടുത്തു സംരംഭ മാതൃകയിൽ ഫേസ് ഷീൽഡ് നിർമാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.ആർ.ഷൈജു പറഞ്ഞു.