വാഷിംഗ്ടൺ : കൊവിഡ് ബാധിച്ചു തുടങ്ങിയപ്പോൾ അതൊരു പ്രശ്നമേയല്ലെന്ന് പറഞ്ഞ് വീമ്പിളക്കിയിരുന്ന ട്രംപ് ഇപ്പോഴിതാ മറ്റൊരു സാഹസത്തിനൊരുങ്ങുന്നു. രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിന് ഇളവുകൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം. കൊവിഡ് രോഗികളുടെ എണ്ണം അമേരിക്കയിൽ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിസാഹസത്തിന് ട്രംപ് ഒരുങ്ങുന്നത്.
രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചുവെന്നും ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് ട്രംപ് പറയുന്നത്. ഇതിനായി ഗവർണർമാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്നും ട്രംപ് പറയുന്നു. കൊവിഡ് ആഘാതത്തിൽ നിന്നു രാജ്യം ഉടൻ കരകയറുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിഅഞ്ഞൂറിലധികം മരണം റിപ്പോർട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി ട്രംപ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ട്രംപിൻെറ മറ്റൊരു മണ്ടത്തരമായാണ് ഇതിനെ വിലയിരുത്തുന്നത്. കൊവിഡ് ആദ്യം കണ്ടപ്പോൾ നിസാരമായി കണ്ടതുകൊണ്ടാണ് അമേരിക്കയിൽ പടർന്ന് പിടിച്ചത്. ഒടുവിൽ നിൽക്കക്കള്ളയില്ലാതെ മരുന്നിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അഭയം തേടേണ്ടി വന്നു. എന്നിട്ടും ട്രംപ് പാഠം പഠിച്ചില്ല. ഇപ്പോഴും വലിയ പിള്ള ചമയുകയാണ്. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ട്രംപിൻെറ നീക്കത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം ഉയരുകയാണ്.