flight-

ദുബായ്: മകൻെറ മൃതദേഹം അടക്കം ചെയ്ത പെട്ടി ചരക്ക് വിമാനത്തിൽ പറന്നുയർന്നപ്പോൾ ആ മാതാപിതാക്കളുടെ കണ്ണീരിൻെറ ആഴം കിലോ മീറ്ററുകൾ നീളുന്നതായിരുന്നു. ഓമനിച്ച് വളർത്തിയ മകൻ ഇതാ പോകുന്നു. പൊന്നു മോനേ,,,, കരച്ചിലുകൾ കടൽ പോലെ ഇരമ്പിയപ്പോൾ പെട്ടിക്കുള്ളിൽ ജുവൽ സ്വന്തം നാട്ടിലേക്ക് അന്ത്യയാത്രയാവുകയായിരുന്നു.

ദുബായ് മുഹൈസിനയിൽ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയിൽ ജോമയുടെയും ജെൻസിന്റെയും മകൻ ജ്യുവൽ (16) വെള്ളിയാഴ്ചയാണ് മരിച്ചത്. ഏഴു വർഷം മുമ്പ് കാലിനെ ബാധിച്ചുതുടങ്ങിയ കാൻസർ വിടാതെ പിൻതുടരുകയായിരുന്നു. ഷാർജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥികളിലൊരാളായിരുന്ന ജ്യുവൽ വീൽ ചെയറിലാണ് സ്‌കൂളിൽ പോയിരുന്നത്. അർബുദം ബാധിച്ചശേഷവും സ്‌കൂളിലും വേദപാഠം ക്ലാസിലുമെല്ലാം അദ്ധ്യാപകർക്കും കൂട്ടുകാർക്കും സന്തോഷം പകർന്ന് നിന്ന ജ്യുവലിൻെറ അന്ത്യം ദുബായ് അമേരിക്കൻ ഹോസ്പിറ്റലിലായിരുന്നു.

ജ്യൂവലിന്റെ മൃതദേഹം ഇന്ന് വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയങ്കണത്തിൽ സംസ്‌കരിക്കുമ്പോൾ ആ നിമിഷത്തിന് സാക്ഷിയാകാൻ മാതാപിതാക്കളില്ല. അവർ ദുബായിലിരുന്ന് കണ്ണീർ പൊഴിക്കുകയാവാം. കേരള സർക്കാർ പ്രത്യേക താത്പര്യമെടുത്താണ് ചരക്ക് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചത്.