km-shaji

കോഴിക്കോട്: തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് അതേ നാണയത്തിൽ മറുപടി നൽകി ലീഗ് എം.എൽ.എ കെ.എം ഷാജി രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലെ പണം നേർച്ചപ്പെട്ടിടിയിൽ ഇടുന്ന പൈസയല്ല. സർക്കാരിന് നൽകുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നത് തെറ്റാണോ. ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്ത് ഒരു ഇടതുപക്ഷ എം.എൽ.എയ്ക്ക് കടം തീർക്കാൻ കൊടുത്തു.

പണംവാങ്ങിയ ആളുടെ പേര് ഞാൻ പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആൾക്കാരെ ആക്ഷേപിക്കാനല്ല ഞാൻ പത്രസമ്മേളനം നടത്തുന്നത്. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് പാർട്ടിക്കാരെ സഹായിക്കാൻ കൊടുക്കുന്നത് മാന്യമായ ഏർപ്പാടല്ല. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. മുഖ്യമന്ത്രിയെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിക്കാരല്ല കേരളത്തിലെ പൊതുസമൂഹം.

മുഖ്യമന്ത്രി പി.ആർ വർക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ നിന്നാണ് വരുന്നത്. വികൃത മനസാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണ്. ശമ്പളമില്ലാത്ത എം.എൽ.എ ആയിട്ടും താനും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി. -കോഴിക്കോട്ട് എം.കെ മുനീറിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹംപറഞ്ഞു.

കൊവിഡ് പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ പരിഹിസിച്ചുള്ള എം.എൽ.എയുടെ പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്. അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വയ്ക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.


ഇതിന് ചില വികൃത മനസുകൾ നമ്മുടെ കൂട്ടത്തിലുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്റെ സാങ്കേതിക കാര്യങ്ങളും അറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എം.എൽ.എ എടുത്തു എന്ന് അദ്ദേഹത്തിന്റെ പാർട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.