covid

അബുദാബി: നിയന്ത്രണങ്ങളും പരിശോധനയും വലിയ രീതിയിൽ നടക്കുന്നുണ്ടെങ്കിലും യു.എ.ഇയിൽ കൊവിഡിന് ഒരുശമനവുമില്ല. 432 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 5,365 ആയി.അതേസമയം 101 പേർക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,034 ലധികം പേർക്ക് രോഗം ഭേദമായിട്ടുണ്ട്. അതൊരു നേട്ടമായി കണക്കാക്കുമ്പോൾ തന്നെ രോഗം പടർന്ന് പിടിക്കുകയാണ്. ഒടുവിൽ അഞ്ച് പേരാണ് മരിച്ചത്. അതും അഞ്ച് രാജ്യങ്ങളിലെ അഞ്ച് പ്രവാസികൾ. ഇതോടെ മൊത്തം മരണസംഖ്യ 33 ആയി.

പരിശോധനയ്ക്കും ഐസൊലേറ്റ് ചെയ്യുന്നതിനും വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിലുടനീളം 767,000 കൊവിഡ് ടെസ്റ്റുകൾ ഇന്നുവരെ നടത്തിയതായി യു.എ.ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രോഗികളെ നേരത്തെ കണ്ടെത്തുന്നതിനായി 14 ഡ്രൈവ്ത്രൂ ടെസ്റ്റിംഗ് സൗകര്യവുമുണ്ട്. ഇതുവഴി ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിക്കാൻ കഴിയും. പുതിയ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യം ഉപയോഗിച്ച് പ്രതിദിനം 7,100 പേരെ ടെസ്റ്റ് ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.

ആശുപത്രികളിലും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലുമടക്കം ദിവസവും 10,000 ടെസ്റ്റുകൾ നടത്താനാവും.

കൊവിഡിൻെറ വ്യാപനത്തെ ചെറുക്കുന്നതിനായി സ്റ്റേഹോം പദ്ധതി, സാനിറ്റൈസേഷൻ ഡ്രൈവ്, വീടുകളിലും ജോലിസ്ഥലങ്ങളിലും ശുചിത്വത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നടത്തി വരുന്നു.അബുദാബി, ദുബായ്, ഷാർജ എന്നിവ മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇത്രയൊക്കെയുണ്ടെങ്കിലും രോഗവ്യാപനത്തിന് ഒരു കുറവുമില്ല.