കല്ലമ്പലം: മഹാമാരിയും ലോക്ക് ഡൗണും മൂലം വറുതിയിലായ ജനങ്ങൾക്ക് അതിജീവനത്തിനായ് ശാന്തിവനത്തിന്റെ മുന്നൊരുക്കം. വരാനിരിക്കുന്ന മഹാവറുതിയിൽ നിന്നും സ്വയം പര്യാപ്തത നേടാൻ ശാന്തിവനത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി ഉല്പാദനത്തിന് തുടക്കമായി. തരിശ് നിലങ്ങളും പുരയിടങ്ങളും കൃഷിയോഗ്യമാക്കി പച്ചക്കറിയും മരച്ചീനിയും വാഴയും മറ്റ് കാർഷിക വിളകളും കൃഷി ചെയ്ത് ഓണക്കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി നൽകാനാണ് ശാന്തിവനം ലക്ഷ്യമിടുന്നത്. കല്ലമ്പലത്ത് മംഗലശ്ശേരിയിൽ ഒരേക്കർ കരഭൂമി കൃഷിയോഗ്യമാക്കി വിത്തു വിതച്ചു. നടീൽ ചടങ്ങ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കൊല്ലം ജില്ലകളിലെ നൂറ് പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കാനാണ് ശാന്തി വനം ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന വലിയ ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാന്തിവനം ചെയർമാൻ ഡോ. പ്രദീപ് ശിവഗിരി, പഞ്ചായത്ത് മെബേഴ്സ് അസോസിയേഷൻ സെക്രട്ടറി പള്ളിമുക്ക് നാസറുദ്ദീൻ, കൃഷി ഒഫീസർ പ്രഭ, ജീവൻജി തുടങ്ങിയവർ പങ്കെടുത്തു.