-house

ബേൺ: ലോകപ്രശസ്ത ഹോറർ നോവലായ ഫ്രാങ്കൻസ്റ്റൈനെയും അതെഴുതിയ മേരി ഷെല്ലിയേയും മറക്കാനാകുമോ. സ്വിറ്റ്സർലൻഡിൽ തണുത്ത കാറ്റിൽ ഓളങ്ങൾ ഇളകി മറിയുന്ന ജനീവാ തടാകവും വൈകുന്നേരങ്ങളിൽ ആൽപ്സിലെ ജുറാ നിരകൾക്കിടയിലൂടെ സൂര്യാസ്തമയവും കാണാൻ കഴിയുന്ന ഒരു മനോഹരമായ വീട്ടിൽ വച്ചാണ് മേരിഷെല്ലി ഫ്രാങ്കൻസ്റ്റൈൻ രചിച്ചത്.

മേരിഷെല്ലി താമസിച്ച ഈ വീട്ടിൽ താമസിക്കണോ. എങ്കിൽ കേട്ടോളു ഈ വീട് വില്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പക്ഷേ, വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. മദ്ധ്യകാലഘട്ട ഗ്രാമമായ നെർനിയറിലെ ജനീവാ തടാകത്തിന്റെ കരയിൽ നാല് നിലകളോട് കൂടിയ ഈ വീടിന്റെ വില 2.38 മില്യൺ പൗണ്ട് ( ഏകദേശം 228.06 ദശലക്ഷം രൂപ ) ആണ്. മേരിയും ഭർത്താവും കവിയുമായിരുന്ന പി.ബി. ഷെല്ലിയും 1816ൽ ഇവിടെ താമസിച്ചിരുന്നു.

ഇവിടെ വച്ചാണ് സുഹൃത്തായ ഇംഗ്ലീഷ് കാല്പനിക കവി ലോർഡ് ബൈറൺ മേരി ഷെല്ലിയോട് നോവൽ രചിക്കാൻ ആവശ്യപ്പെട്ടത്. ഒരിക്കൽ ഇവിടെ ശക്തമായ ഇടി മിന്നലോട് കൂടിയ മഴ പെയ്‌തു. അന്നേരം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ബൈറണിന് ഒരു ഹോറർ കഥാ മത്സരം സംഘടിപ്പിച്ചാലോ എന്നൊരു ആശയം തോന്നി. അന്ന് മേരിഷെല്ലിയ്ക്ക് 18 വയസായിരുന്നു. ബൈറണിന്റെ വാക്കുകൾ കേട്ടതോടെ മേരി ഷെല്ലി അങ്ങനെയൊരു നോവൽ രചിക്കാൻ തീരുമാനിച്ചു.

ഇടിമിന്നലുള്ള രാത്രിയായിരുന്നതിനാൽ മേരി ഷെല്ലിയുടെ കഥയിലെ പ്രാധാന കഥാപാത്രങ്ങളിൽ ഒന്നും അതേ ഇടിമിന്നൽ തന്നെയായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ഒരു ഭീകരസത്വത്തെ സൃഷ്ടിക്കുന്ന ഡോ. ഫ്രാങ്കൻസ്‌റ്റൈന്റെ കഥ ഇങ്ങനെയാണ് ഉടലെടുത്തത്. ബൈറൺ നടത്തിയ മത്സരത്തിൽ മേരി ഷെല്ലിയാണ് വിജയിച്ചത്.

1818ൽ മേരി ഷെല്ലി തന്റെ പേര് വയ്ക്കാതെ നോവൽ പ്രസിദ്ധീകരിച്ചു. ഗോഥിക് സാഹിത്യ സൃഷ്ടികളിൽ ഏറ്റവും മികവുറ്റവയിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഫ്രാങ്കൻസ്‌റ്റൈൻ ഏറെ ശ്രദ്ധയാകർഷിച്ചു. 1821ൽ പാരീസിൽ പുറത്തിറക്കിയ രണ്ടാം പതിപ്പിലാണ് മേരി ഷെല്ലി തന്റെ പേര് വച്ചത്. 1739ൽ നിർമിച്ചതാണ് ഈ വീട്. വീടിന്റെ ഓരോ മുറികളിൽ നിന്നും ജനീവ തടാകത്തിന്റെയും ദൂരെ ആൽപ്സ് പർവത നിരകളുടെയും മനോഹര ദൃശ്യം കാണാനാകും.

തടാകത്തോട് ചേർന്നു നില്ക്കുന്ന വീടിന്റെ താഴ്ന്ന ഒരു ബാൽക്കണിയിൽ നിന്നും വെള്ളത്തിലേക്ക് നേരിട്ടിറങ്ങാൻ പറ്റുന്ന തരത്തിലൊരു ഗോവണിയുണ്ട്. മദ്ധ്യകാലഘട്ട വാസ്‌തുവിദ്യയിലുള്ള മനോഹരമായ വീടിന്റെ ഉൾവശത്ത് മോഡേൺ ടച്ചോടുകൂടിയ ഫിനിഷിംഗ് നടത്തിയിട്ടുണ്ട്. വിസ്‌തൃതമായ ഒരു പൂന്തോട്ടവും വീട് നില്ക്കുന്ന വസ്‌തുവിലുണ്ട്.