pravasi-

തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് നാട്ടിലെത്താൻ വഴി തുറക്കുന്നു. ഇവരെ നാട്ടിലേക്ക് ഉടനെ കൊണ്ടുവരില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ അയവ് വരുന്നു. ഗൾഫിൽ നിന്നുള്ള മലയാളികളുടെ കണ്ണീരും നാട്ടിലെ ബന്ധുക്കളുടെ വികാരവും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നയം മാറ്റുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യമുള്ളവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പറയുന്നത്. തിരിച്ചെത്തുന്നവരെ താമസിപ്പിക്കാനും പരിശോധനാ, ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും കേന്ദ്ര സർക്കാർ കേരള സർക്കാരിന് നിർദ്ദേശം നൽകിയതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗൾഫ് രാജ്യങ്ങളിലുമായി 133 പേരാണ് മരിച്ചത്. യു.എ.ഇയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടുത്ത രണ്ട് ആഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യയിൽ ലോക്ക് ഡൗൺ ആയതിനാൽ വിമാനസർവീസുകളൊന്നും പുനരാരംഭിക്കാനാവില്ലെന്നും ഇന്ത്യാക്കാർ വിദേശത്ത് കഴിയണമെന്നുമായിരുന്നു കേന്ദ്ര സർക്കാർ നിലപാട്.