loch-ness-monster

എഡിൻബർഗ് : സ്കോട്ടിഷ് നാടോടി കഥകളിലെ നിഗൂഢ ജീവിയാണ് ലോക് നെസ് മോൺസ്റ്റർ അഥവാ ' നെസി '. ലോക് നെസ് എന്ന തടാകത്തിലാണ് ഈ ജീവി വസിക്കുന്നതെന്ന് കരുതുന്നു. തടാകത്തിന്റെ അടിത്തട്ടിലെവിടെയോ കഴിയുന്ന ഈ ഭീമനെ പലരും കണ്ടിട്ടുള്ളതായി വാദിക്കുന്നു. നെസി യാഥാർത്ഥ്യമാണോ കെട്ടുകഥയാണോ എന്ന് ഇപ്പോഴും തർക്കമാണ്. നെസിയെ കണ്ടെത്താൻ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ശ്രമം തുടരുന്നുണ്ട്.

ഇപ്പോൾ നെസിയെ കണ്ടെന്ന പുതിയ അവകാശവാദവുമായെത്തിയിയിരിക്കുകയാണ് അയർലൻ‌ഡിലെ ആശുപത്രിയിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന 55 കാരൻ ഇയോൺ ഒഫോഡഗെയ്ൻ. ലോക്ക് നെസ് തടാകക്കരയിൽ സ്ഥാപിച്ചിരിക്കുന്ന ലൈവ് വെബ് ക്യാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കവെയാണ് നെസിയെ കണ്ടതായി ഇയോൺ അവകാശപ്പെടുന്നത്. ലോകത്തിന്റെ എവിടെ നിന്നും ഈ ലൈവ് വെബ് ക്യാമറയിലൂടെ ലോക്ക് നെസ്സ് തടാകം നിരീക്ഷിക്കാം.

നെസിയുടേതെന്ന് പറയപ്പെടുന്ന വീഡിയോ ഫൂട്ടേജ് ഇയോൺ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇയോൺ നെസിയെ കണ്ടെന്ന് പറയുന്നത്. ജനുവരിയിലും താൻ നെസിയെ കണ്ടതായി ഇയോൺ പറയുന്നു. കഴിഞ്ഞ വർഷം നാല് തവണയും ഇയോൺ നെസിയെ കണ്ടത്രെ. ഇയോൺ പുറത്തുവിട്ട വീഡിയോയിൽ ഒരു വെളുത്ത രൂപം തടാകത്തിൽ പൊങ്ങി ആഴങ്ങളിലേക്ക് മറയുന്നത് അവ്യക്തമായി കാണാം. എന്നാൽ ഇതെന്താണെന്ന് വ്യക്തമല്ല.

വീഡിയോയിൽ അജ്ഞാതജീവി പ്രത്യക്ഷപ്പെടുന്ന സമയം തടാകത്തിൽ ബോട്ടുകളില്ല. തടാകവും തടാകത്തിന് ചുറ്റുമുള്ള പ്രദേശവും നിശബ്ദമായിരുന്നു.ഇയോൺ തന്റെ കണ്ടെത്തൽ ഔദ്യോഗിക ലോക്ക് നെസ്സ് മോൺസ്റ്റർ സൈറ്റിംഗ്സ് രജിസ്റ്ററിനെ അറിയിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ പോലെ 18 പേരുടെ കണ്ടെത്തലുകൾ രജിസ്റ്റർ അംഗീകരിച്ചിരുന്നു. തടാക ജലത്തിൽ നിന്നും ശേഖരിച്ച ഡി.എൻ.എയിൽ ന്യൂസിലാൻഡിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ പഠനങ്ങൾ നടത്തിയിരുന്നു.

നെസി ഒരു വലിയ തരം ഈൽ ആകാമെന്നാണ് കഴി‌ഞ്ഞ സെപ്റ്റംബറിൽ ഇവർ പറഞ്ഞത്. സ്കോട്ടിഷ് സമ്പത്ത്‌വ്യവസ്ഥയിൽ പ്രതിവർഷം 41 ദശലക്ഷം പൗണ്ടിന്റെ വരുമാനമാണ് നെസിയുടെ പേരിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ അജ്ഞാത ജീവിയെ പറ്റി പഠനങ്ങൾ നടത്താൻ നിരവധി പേരാണെത്തുന്നത്.

1933ൽ ഹ്യൂഗ് ഗ്രെ എന്നയാൾ നെസിയുടേതെന്ന് അവകാശപ്പെട്ട ഒരു ചിത്രം പകർത്തിയിരുന്നു. പിന്നീട് നെസിയുടേതെന്ന് കരുതുന്ന ഒരു ജീവി തടാകത്തിലൂടെ നീങ്ങുന്നതിന്റെ വീഡിയോ 1960ൽ ടിം ഡിൻസ്ഡെയ്ൽ എന്ന എയ്റോനോട്ടിക്കൽ എൻജിനീയർ ഷൂട്ട് ചെയ്‌തിരുന്നു.

ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിയ്‌ക്ക് പാമ്പ്, ഡ്രാഗൺ എന്നിവയുമായി സാമ്യമുണ്ടെന്നാണ് പ്രചരിക്കുന്ന ഒരു കഥ. ഒട്ടകം, കുതിര എന്നിവയുടേതിന് സമാനമായ തലയും പാമ്പിന്റെ ശരീരവുമാണെത്രെ നെസിയ്‌ക്ക്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ഭീമൻ ജലജീവികളുമായി നെസിയെ താരതമ്യപ്പെടുത്തുന്നുണ്ട്. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളിൽ ലോക് നെസ് തടാകത്തിൽ ഭീകര ജീവിയെപ്പറ്റി പരാമർശം ഉണ്ട്. നെസി വെറും തട്ടിപ്പാണെന്നാണ് മിക്കവരുടെയും വിശ്വാസം.