ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചൈന നൽകിയ പി.പി.ഇ കിറ്റുകളിൽ പലതും ഉപയോഗക്ഷമമല്ലെന്ന് റിപ്പോർട്ട്.
ലോകത്ത് പി.പി.ഇ കിറ്റുകൾ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന ഇന്ത്യക്ക് 170,000 കിറ്റുകളാണ് നൽകിയിരുന്നത്. ഈ മാസം അഞ്ചിന് ലഭിച്ച കിറ്റുകളിൽ 50,000 എണ്ണം ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോർട്ട്.
ഗ്വാളിയോറിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ലബോറട്ടറിയിലാണ് കിറ്റുകൾ സുരക്ഷാ പരിശോധന നടത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പി.പി.ഇ കിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഉപയോഗിക്കുക. ചൈനയിൽ നിന്നെത്തിയ കിറ്റുകളിൽ പലതും ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് പരിശോധനയിൽ വ്യക്തമായി. നേരത്തേ മറ്റുപല രാജ്യങ്ങൾക്കും ചൈന നൽകിയ കിറ്റുകളും മാസ്കുകളും മോശം നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
കിറ്റുകളുടെ ക്ഷാമം രൂക്ഷമായതോടെ ഒരു മില്യൺ കിറ്റുകൾക്കുള്ള ഓർഡറാണ് ഇന്ത്യ നൽകിയത്.അടുത്തമാസം ആദ്യത്തോടെ കൂടുതൽകിറ്റുകൾ എത്തും. അതോടെ കിറ്റുകളുടെ ക്ഷാമത്തിന് ഒരുപരിധിവരെ അറുതിവരുമെന്നാണ് കരുതുന്നത്.