chennithala

തിരുവനന്തപുരം: സ്പ്രിംഗ്ളർ അഴിമതിയിൽ മുഖ്യമന്ത്രി മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്പ്രിംഗ്ളർ ഇടപാടുമായി ബന്ധപ്പെട്ട് സർക്കാർ യാതൊരു നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അമേരിക്കൻ കമ്പനി ഡാറ്റ കേസ് തട്ടിപ്പിൽ പ്രതിയാണെന്ന വിവരം മുഖ്യമന്ത്രി സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ആ കേസ് പുറത്ത് നിന്ന് ആരും കൊടുത്തതല്ല.ഒപ്പമുള്ള പാർട്‌ണർ തന്നെയാണ് അവരുടെ ഡാറ്റ തട്ടിയതിന് കേസ് നൽകിയത്. തട്ടിപ്പ് നടത്തിയ നിരവധി കമ്പനികൾ ഉള്ളതു കൊണ്ട് ഈ കമ്പനി നടത്തിയ തട്ടിപ്പ് തട്ടിപ്പല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല.സാധാരണ നടപടിക്രമങ്ങൾ പോലും പാലിക്കാതെയായിരുന്നു കരാർ.മന്ത്രിസഭയുമായി ആലോചിക്കാതെയാണ് കരാർ ഒപ്പിട്ടതെന്നും ചെന്നിത്തല ആരോപിച്ചു.

സാമ്പത്തിക ബാധ്യതയില്ലാത്തത് കൊണ്ടാണ് നിയമ വകുപ്പിനെ ഇക്കാര്യം അറിയിക്കാത്തതെന്ന മുഖ്യമന്ത്രിയുടെ വാദം അതിശയകരമാണ്. പ്രതിപക്ഷ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി ശരിവച്ചു.ഇത് അഴിമതി മാത്രമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മലയാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ക്രിമിനൽ നടപടിയാണെന്നും കുറ്റപ്പെടുത്തി.കമ്പനിയുമായി എന്തെങ്കിലും വിഷയമുണ്ടായാൽ ന്യൂയോർക്കിൽ പോയേ സർക്കാരിന് കേസ് നൽകാൻ കഴിയൂ.

ഐ.ടി സെക്രട്ടറി ഒപ്പിട്ട പർച്ചേസ് ഓർഡറിൽ എന്തെങ്കിലും കേസോ നടപടിയോ ഉണ്ടായാൽ അമേരിക്കൻ കമ്പനിക്കോ അതിലെ ഉദ്യോഗസ്ഥർക്കോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളം കഴിഞ്ഞ അമ്പത് കൊല്ലം നേടിയ നേട്ടങ്ങളെല്ലാം സ്പ്രിംഗ്ളർ അവരുടേതാണെന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പരസ്യം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിലെ ഉറുമ്പിന് ഭക്ഷണം കൊടുക്കുന്ന കാര്യം വരെ വാർത്താസമ്മേളനത്തിൽ പറയുന്ന മുഖ്യമന്ത്രി താൻ ഇക്കാര്യം പുറത്ത് പറയുന്നത് വരെ എന്തിനാണ് സ്‌പ്രിംഗ്ളറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒളിപ്പിച്ചതെന്ന് ചോദിച്ച ചെന്നിത്തല കമ്പനിയുമായി മുഖ്യമന്ത്രിക്ക് എത്രകാലത്തെ ബന്ധമുണ്ടെന്നും ചോദിച്ചു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു. ആധാർ വിഷയത്തിൽ സി.പി.എം എടുത്ത നിലപാട് പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി തന്നെ തിരുത്തിയെന്നും പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു.