covid

ലക്നൗ: ചെറിയൊരു അശ്രദ്ധമതി എല്ലാം തകർക്കാൻ. കൊവിഡ് ഇല്ലാത്തൊരാൾക്ക് രോഗമുണ്ടെന്ന് തെളിഞ്ഞാലോ തീർന്നു. അയാളുടെ മാത്രമല്ല, അദ്ദേഹവുമായി ഇടപെട്ട മുഴുവൻ പേരുടെയും ജീവിതം. അങ്ങനെയൊരു സംഭവം ഉത്തർപ്രദേശിലെ അമ്രാേഹ ജില്ലയിൽ നടന്നു. അശ്രദ്ധയാണ് വില്ലനായത്. ഭീതിയിലായതോ 66 കാരനും കുടുംബവും.

ജലദോഷവും കടുത്ത തൊണ്ടവേദനയെയും മൂലം ഒരാഴ്ച മുൻപാണ് 66 കാരനെ മോറാദാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്രവ സാബിളുകൾ പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പരിശോധനാഫലം വന്നു. പോസിറ്റീവ്. ഇതറിഞ്ഞതോടെ ഇദ്ദേഹത്തിന്റെ കുടുംബം തകർന്നുപോയി. എട്ടംഗ കുടുംബത്തെ ക്വാറന്റൈനിലാക്കി. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുളള ശ്രമവും ആരംഭിച്ചു. ഒരാഴ്ച അങ്ങനെ തീ തിന്ന് ആ കുടുംബം ജീവിച്ചു.

പരിശോധനാ ഫലം സ്ഥിരീകരിക്കാൻ അലിഗഡ് ലബോറട്ടറിയിലും സ്രവ സാമ്പിളുകൾ പരിശോധിച്ചു. ഞെട്ടിക്കഴിഞ്ഞിരുന്നവർക്ക് ആശ്വാസക്കാറ്റായി. പരിശോധനാ ഫലം നെഗറ്റീവ്. ആദ്യത്തെ പരിശോധനാഫലത്തിൽ പിഴവ് കടന്നുകൂടിയതാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനാ ഫലം നെഗറ്റീവ് എന്ന് ടൈപ്പ് ചെയ്യുന്നത് പോസിറ്റീവായതാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. തുടർന്ന് ഇദ്ദേഹത്തെയും കുടുംബത്തെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു.