thomas

എറണാകുളം: സ്പ്രിംഗ്ളര്‍ കമ്പനിക്ക് ആരോഗ്യ മേഖലയിൽ മുൻ പരിചയം ഇല്ലാതിരുന്നിട്ടും ഒരു മീഡിയ മാനേജ്മെന്‍റ് കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിടി തോമസ് എം.ൽ.എ. ലാവലിൻ കമ്പനിയുടെ കൺസൾട്ടൻസി കരാർ സപ്ലൈ കരാർ ആക്കിയതിന് സമാനമാണ് ഈ നീക്കമെന്നും പി.ടി തോമസ് ആരോപിച്ചു.

കോടിക്കണക്കിനു രൂപയുടെ മോഷണക്കേസ് ന്യൂയോർക്കിൽ കമ്പനിക്കെതിരെയുണ്ട്.. ജീവനക്കാർ തന്നെ പരാതി വെബ്‌സൈറ്റിൽ രേഖപ്പെടുത്തിട്ടുണ്ട്. ഏപ്രിൽ രണ്ടിനാണ് കരാർ ഒപ്പിട്ടത്. എന്നാൽ മാർച്ച്‌ 27 നു തന്നെ കൈമാറാൻ ഉത്തരവിറങ്ങി. ആരുടെ താത്‌പര്യം സംരക്ഷിക്കാനാണ് ഇതെന്ന് വ്യക്തമാക്കണം. പിണറായി വിജയൻ എന്ന പേര് പി ആർ വിജയൻ എന്നാക്കണമെന്നും പിടി തോമസ് പരിഹസിച്ചു.
വാവിട്ട വാക്കും സ്പ്രിംഗ്ളറിൽ പോയ ഡാറ്റയും അന്യന്‍റെ സ്വത്താണ്. ഇതാർക്കും സ്വന്തമാക്കാം.

രോഗികളുടെ വിവരങ്ങളാണ് ഇങ്ങനെ ചോർത്തിയത്. മരുന്ന് കമ്പനികൾക്കു ഇത് ഉപയോഗപ്പെടുത്താം. രോഗികളുടെ വിവരങ്ങൾ പോലും പിണറായി വിജയൻ വിറ്റുവെന്നും മുഖ്യമന്ത്രിയുടെ ഏതെങ്കിലും കുടുംബാംഗങ്ങൾക്കോ അവരുടെ സ്ഥാപനങ്ങൾക്കോ സ്പ്രിംഗ്ളര്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും പി.ടി തോമസ് ആരോപിച്ചു.