തിരുവനന്തപുരം: വിവാദങ്ങളുടെ പെരുമഴക്കാലത്തിനൊടുവിൽ കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്ടർ തിരുവനന്തപുരത്തെത്തി. രണ്ട് ക്യാപ്ടൻമാരും പവൻ ഹാൻസിന്റെ മൂന്നു എൻജിനിയർമാരും എത്തിയിട്ടുണ്ട്. കോപ്ടറിൽ ഡൽഹിയിൽ നിന്ന് മരുന്നും എത്തിച്ചിട്ടുണ്ട്.11 പേർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള ഇരട്ടഎഞ്ചിൻ ഹെലികോപ്ടറിൽരോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
കൊവിഡ് 19 യെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലിക്കോപ്ടർ ഇടപാടിന് സർക്കാർ മുൻകൂർ പണം നൽകിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവൻഹാൻസ് കമ്പനിയ്ക്ക് കരാർ നൽകിയത്. ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്ടർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയത് വിവാദമായിരുന്നു.
ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർനൽകണമെന്നായിരുന്നു പവൻ ഹൻസിന്റെ ആവശ്യം. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്നും ഒന്നരക്കോടി രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.