തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച 'സഹായ ഹസ്തം' വായ്പാ പദ്ധതി അപേക്ഷകരുടെ ബാഹുല്യവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണം ഊരാക്കുടുക്കിലായി. സംസ്ഥാനത്തെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളിൽ 90 ശതമാനവും വായ്പയ്ക്കായി അപേക്ഷിച്ചിരിക്കെ അപേക്ഷകരുടെ തള്ളിക്കയറ്റം കാരണം നാലിലൊന്ന് തുകപോലും വായ്പ അനുവദിക്കാൻ മാർഗമില്ലാതെ വിഷമിക്കുകയാണ് സർക്കാർ.
കുടുംബശ്രീ വായ്പകൾക്കായി 2,000 കോടി രൂപയാണ് ഏപ്രിൽ നാലിന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കേരളത്തിലെ പതിനാല് ജില്ലകൾക്കുമായി അനുവദിച്ചത്. ഓരോ ജില്ലകൾക്കും ലഭിച്ച വിഹിതത്തിന്റെ ഇരട്ടിത്തുകയ്ക്കുള്ള അപേക്ഷകളാണ് നിലവിലുള്ളത്. ഉദാഹരണത്തിന്
പദ്ധതിയിൽ 200 കോടി രൂപ അനുവദിച്ച തലസ്ഥാന ജില്ലയിൽ നാലര ലക്ഷത്തോളം കുടുംബ ശ്രീ അംഗങ്ങളുണ്ട്. 29,000 അയൽക്കൂട്ടങ്ങളിലുൾപ്പെട്ട ഇവർക്ക് നിലവിലുള്ള അപേക്ഷകളുടെ കണക്കനുസരിച്ച് പദ്ധതിയിലെ ഏറ്റവും കുറഞ്ഞ തുകയായ 5000 രൂപ പോലും അനുവദിക്കാൻ പണം തികയാത്ത സ്ഥിതിയാണുള്ളത്. ഇതോടെ ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി അനർഹരെ ഒഴിവാക്കാനാണ് കുടുംബശ്രീ തീരുമാനം.
മുൻവായ്പാ തിരിച്ചടവുകളിൽ വീഴ്ച വരുത്തിയ അയൽക്കൂട്ടങ്ങളും ഓഡിറ്റിംഗ് ക്രമക്കേടിൽ കുടുങ്ങിയവരുമെല്ലാം ഒഴിവാകും. കൊവിഡ് കാലത്ത് പട്ടിണിമാറ്റാൻ അനുവദിച്ച പണം വീട് മെയിന്റനൻസിനും പലിശക്കടം വീട്ടാനും പലിശയ്ക്ക് നൽകാനും ഉപയോഗിക്കാമെന്ന് കരുതി അപേക്ഷയുമായെത്തിയവരെയും നിരസിക്കാനാണ് തീരുമാനം.
ലോക്ക് ഡൗണിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടവും സാധാരണക്കാരുടെ ദുരിതവും കണക്കിലെടുത്താണ് മുഖ്യമന്ത്രി പ്രത്യേക പാക്കേജ് പ്രകാരം വായ്പാ പദ്ധതി ആവിഷ്കരിച്ചത്. കൊവിഡ് നിമിത്തം അയൽക്കൂട്ടാംഗത്തിനോ കുടുംബത്തിനോ ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും അവരുടെ സാമ്പത്തിക സ്ഥിതിക്കും ആനുപാതികമായി ഒരംഗത്തിന് മിനിമം അയ്യായിരം മുതൽ പരമാവധി ഇരുപതിനായിരം വരെ വായ്പ നൽകുമെന്നായിരുന്നു പ്രഖ്യാപനം.ആറുമാസ മൊറട്ടോറിയം ഉൾപ്പെടെ 36 മാസ കാലാവധിയുള്ള വായ്പയ്ക്ക് 8.5 മുതൽ 9 ശതമാനം വരെയാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.
വായ്പാ തിരിച്ചടവിന്റെ കൃതൃത അനുസരിച്ച് പലിശ തുക സർക്കാർ, കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുന്നതിനാൽ അംഗങ്ങൾക്ക് പലിശഭാരം ഉണ്ടാകുന്നില്ലെന്ന പ്രത്യേകതയും സഹായഹസ്തം പദ്ധതിക്കുണ്ടായിരുന്നു. അപേക്ഷകർക്കെല്ലാം നിരുപാധികം 20,000 രൂപ പലിശ രഹിതമായി ലഭിക്കുമെന്ന പ്രചരണത്താൽ അർഹരും അനർഹരുമെല്ലാം അപേക്ഷയുമായെത്തിയതാണ് പദ്ധതിക്ക് പാരയായത്. എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ അനർഹരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. പ്രളയകാലത്തും കുടുംബശ്രീ യൂണിറ്റുകൾക്ക് സർക്കാർ പലിശരഹിത വായ്പ അനുവദിച്ചിരുന്നു.