തിരുവനന്തപുരം: നിർദ്ധന കുടുംബത്തിലെ അടിയന്തര ചികിത്സ ആവശ്യമുണ്ടായിരുന്ന രണ്ട് മാനസിക രോഗികൾക്ക് മുരുക്കുംപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സഹായമൊരുക്കി. മുട്ടുക്കോണം സ്വദേശിനികളായ ഇവർ മാനസിക രോഗത്തിന് മെഡിക്കൽ കോളേജിൽ ഏറെ നാളായി ചികിത്സയിലാണ്. ലോക്ക് ഡൗൺ സാഹചര്യമായതു കൊണ്ട് ഈ നിർദ്ധന കുടുംബത്തിന് ചികിത്സയ്ക്കു പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇവർക്ക് രോഗം മൂർഛിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തംഗം വേണു മംഗലപുരം പി.എച്ച്.സിയിൽ സമീപിച്ചെങ്കിലും അനുകൂല നടപടയുണ്ടായില്ല. തുടർന്ന് ലയൺസ് ക്ളബിനെ വിവരമറിയിച്ചാണ് ഇവർക്ക് പോകാൻ വേണ്ട ആംബുലൻസ് സേവനം ലഭ്യമാക്കിയത്. മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ. എ.കെ. ഷാനവാസിനോടൊപ്പം ഷാജിഖാൻ, മോഹൻദാസ്, അജിതാമോഹൻദാസ്, സിസ്റ്റർ റീന എന്നിവർ രോഗികളുടെ വീട്ടിൽ എത്തി അവർക്ക് വേണ്ട സഹായങ്ങളൊരുക്കി.