giulio-giovannini

സ്‌കാൻസാനോ : ഇറ്റലിയിൽ ആഴ്ചകളായി ലോക്ക്ഡൗൺ തുടരുകയാണ്. കുട്ടികൾക്കൊന്നും സ്കൂളിൽ പോകാനാകുന്നില്ല. വീട്ടിലിരുന്ന് പഠനം തുടരാനായി സർക്കാർ ഓൺലൈൻ ക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താനാകില്ലെന്ന് വരാം. ചിലരുടെ പക്കൽ അതിനുള്ള ഉപകരണങ്ങൾ കാണില്ല. മറ്റു ചിലർക്കാകട്ടെ ഇന്റർനെറ്റിന് വേണ്ടത്ര സ്പീഡും കാണില്ല. ഗ്വിലിയോ ജിയോവന്നി എന്ന 12 വയസുകാരൻ ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടും. ടാബ്‌ലറ്റൊക്കെ ഉണ്ട്. പക്ഷേ, വീട്ടിൽ ഇന്റർനെറ്റ് സിഗ്നൽ കിട്ടില്ലെന്ന് മാത്രം. ഇറ്റലിയുടെ വടക്ക് പടിഞ്ഞാറുള്ള ടസ്കനിയൻ മേഖലയിലുള്ള സ്‌കാൻസാനോ എന്ന ഗ്രാമത്തിലാണ് ഈ മിഡിൽ സ്‌കൂൾ ആദ്യ വർഷ വിദ്യാർത്ഥിയുടെ വീട്. ഇന്റർനെറ്റ് കിട്ടുന്നില്ലെന്ന് കരുതി വീട്ടിലിരിക്കാൻ ഈ കൊച്ചു മിടുക്കൻ തയാറല്ല. പഠിക്കണമെന്ന് വാശിയാണ്. അതിനായി കണ്ടെത്തിയ സ്ഥലം കണ്ടാൽ ആരും അത്ഭുതപ്പെടും.

വീട്ടിൽ നിന്നും 1.5 കിലോമീറ്റർ ( ഒരു മൈൽ ) അകലെയുള്ള ഒരു മരത്തിന്റെ ചുവട്ടിൽ. ! ആരുടെയും ശല്യമില്ലാത്ത ഇവിടെ കുന്നുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളുമാണ്. ഇവിടെ തന്നെ ഇന്റർനെറ്റ് സിഗ്നൽ കിട്ടുന്നത് ഇപ്പോൾ ഗ്വിലിയോയ്ക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്.

ദിവസവും അമ്മയാണ് ഗ്വിലിയോയെ ഇവിടെയെത്തിക്കുന്നത്. ഒപ്പം ഒരു കുഞ്ഞു മേശയും കസേരയും ബുക്കുകളുമൊക്കെ ഉണ്ടാകും. സ്‌കൂളിൽ പോകാൻ കഴിയുന്നില്ലെങ്കിലും കൂട്ടുകാരെ വീഡിയോ കോൺഫറൻസ് വഴി കാണാം. എങ്കിലും എല്ലാവർക്കും ഇപ്പോൾ എത്രയും വേഗം സ്‌കൂളിലെത്തിയാൽ മതിയെന്നാണ്.