വർക്കല: തെരുവിൽ അലയുന്ന നായ്ക്കളെ സ്വന്തം മക്കളെപ്പോലെ കാണുകയാണ് റിട്ട. പ്രൊഫസർ ഗേളി ഷാഹിദ്. വർക്കല പുന്നമൂട് ചിലങ്കയിൽ ഗേളി ഷാഹിദിന്റെ വീട്ടിൽ 30 ഓളം തെരുവുനായ്ക്കളും 25 പൂച്ചകളുമുണ്ട്. തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജിൽ നിന്ന് കണക്ക് പ്രൊഫസറായാണ് വിരമിച്ചത്. തുടർന്ന് സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായി. നല്ലൊരു ഗായിക കൂടിയായ ടീച്ചർ വർക്കലയിലെ സാംസ്കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യവുമാണ്. കഴിഞ്ഞ 10 വർഷത്തിലേറെയായി ഗേളി തെരുവിലലയുന്ന നായ്ക്കൾക്ക് ഭക്ഷണവും കൃത്യമായി എത്തിച്ചു നൽകുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നതോടെ തെരുവുനായ്ക്കൾ ഭക്ഷണത്തിനായി ഓടുമ്പോഴും എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് അവയ്ക്കുള്ള ഭക്ഷണവുമായി ടീച്ചർ എത്തും. അറുപതോളം തെരുവുനായ്ക്കൾക്കാണ് ടീച്ചർ ഭക്ഷണം എത്തിക്കുന്നത്. വർക്കല മൈതാനം, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, മുണ്ടയിൽ,ചെറുകുന്നo, കൂരയ്ക്കണ്ണി, ക്ഷേത്രം റോഡ്, പുത്തൻചന്ത, ശിവഗിരി റോഡ് തുടങ്ങി വർക്കലയിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ടീച്ചറിന്റെ വരവും കാത്ത് എന്നും തെരുവുനായ്ക്കളുടെ കൂട്ടം ഇവിടങ്ങളിലെല്ലാം ഉണ്ടാവും. ഭക്ഷണം കൊടുക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ഇലയിലാണ്. ചില ദിവസങ്ങളിൽ വെജിറ്റേറിയനും മറ്റു ചില ദിവസങ്ങളിൽ ഇറച്ചിയും ഉണ്ടാവും. ബിസ്കറ്റ്, ബ്രെഡ്, കേക്ക് തുടങ്ങി ലഘുഭക്ഷണ സാധനങ്ങളും ടീച്ചർ കൈയിൽ കരുതും. ഒപ്പം കുടിവെള്ളവും നൽകും. ഇതിനുപുറമേ ഓരോ നായ്ക്കൾക്കും ടീച്ചർ പേരും നൽകിയിട്ടുണ്ട്. ബ്രൗണി, ബ്രോ, ടോമി, ഡിങ്കൻ, ടുട്ടുമോൻ, ടോം, ജെറി, ലാസ്കർ എന്നിങ്ങനെ വിളിപ്പേരുകളുമുണ്ട്. ആട്ടോറിക്ഷയിലാണ് ഭക്ഷണം എത്തിക്കുന്നത്.