കിളിമാനൂർ: കാനാറ 'സമത്വ തീരം' ശ്മശാനത്തിൽ സാമൂഹ്യ വിരുദ്ധർ പുകക്കുഴലിന്റെ അടിവശത്തുള്ള വാതിൽ തകർത്തു. രണ്ട് ദിവസം മുമ്പ് ഗ്യാസ് കണക്ഷന് വേണ്ടി സ്ഥാപിച്ചിരുന്ന പൈപ്പിന്റെ സുരക്ഷാ കവചം അറുത്ത് മാറ്റാൻ ശ്രമിച്ചിരുന്നു. ശ്മശാനം പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് ഇവിടെ പല രീതിയിലുള്ള കേടുപാടുകൾ വരുത്തിയിരുന്നു. സ്ഥിര ജീവനക്കാരോ നിരീക്ഷണ കാമറകളോ ഇല്ലത്തതും ഇവർക്ക് സൗകര്യമാവുന്നുണ്ട്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മദ്യപന്മാർ തമ്പടിക്കുന്നതും പതിവാണ്. പുകക്കുഴലിന്റെ വാതിൽ തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള സമത്വ തീരം ബ്ലോക്ക് പഞ്ചായത്തിന്റെയും ഏഴ് പഞ്ചായത്തുകളുടെയും ശ്രമഫലമായി നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ശാന്തികവാടം കഴിഞ്ഞാൽ ഗ്യാസിലും, വൈദ്യുതിയിലും പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ശ്മശാനമാണ് സമത്വ തീരം. അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അറിയിച്ചു.