b-unnikrishnan

തിരുവനന്തപുരം: അധികാര രാഷട്രീയത്തിന്റെ ഇടനാഴികളിൽ ലേലം വിളിച്ച് പോകാനുള്ളതല്ല മനുഷ്യ ജീവനെന്നും മനുഷ്യനുണ്ടെങ്കിലേ രാഷ്ടീയവും അധികാരവുമുള്ളൂവെന്ന് സ്പ്രിംഗ്ളർ കരാറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻെറ ഫേസ്ബുക്ക് മറുപടി.

ഫേസ്ബുക്ക് പോസ്റ്റിൻെറ പ്രസക്ത ഭാഗങ്ങൾ:

സ്പ്രിംഗ് ളർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദമായി മറുപടി നല്കിയിരുന്നു. തീർച്ചയായും ആ മറുപടിയിൽ പ്രശ്നം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ പ്രതിപക്ഷം തങ്ങളുന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിറകോട്ടില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്.

ലക്ഷക്കണക്കിനാളുകളുടെ റേഷൻ കാർഡ് സംബന്ധിച്ച വിവരങ്ങൾ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഒരാരോപണം. അത്തരം ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പിന്നെന്തിനായിരുന്നു അങ്ങനെ ഒരാരോപണം? ഏതുവിധത്തിലുള്ള മാനസികാവസ്ഥയാവും ഈ ആരോപണത്തിനു പിന്നിലുള്ളത്?

സർക്കാർ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. ഉഭയകക്ഷി കരാർ പ്രകാരം സർക്കാരാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. എന്താണിവിടെ സ്പ്രിംഗ്ളർ ചെയ്യുന്നത്? അവർക്കുള്ള വൈദഗ്ദ്ധ്യം എന്തിലാണ്? സർക്കാർ ജനങ്ങളിൽ നിന്ന് അവരുടെ സമ്മതപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ, ഇക്കാര്യത്തിൽ ആളുകളുടെ സമ്മതമുണ്ടാകുക എന്നത് മുൻ നിശ്ചിതമായി ഉറപ്പാക്കേണ്ടതാണ്, തീർച്ചയായും ഇത്തരം വിവരശേഖരണത്തിൽ അത് ആളുകളെ ബോദ്ധ്യപ്പെടുത്തിയിരിക്കും.

സൗജന്യമായി ഒരു പ്രത്യേക കാലയളവിലേക്ക് സേവനം തരുന്ന ഏത് സർവ്വീസ് പ്രൊവൈഡറും ചെയ്യുന്ന ഒരു സംഗതിയാണിത്. നമ്മൾ ചില സോഫ്റ്റ് വെയർ പെയോഗിക്കുമ്പോൾ 15/30 ദിവസത്തേക്ക് നമുക്ക് ട്രയൽ നോക്കാം. അതിനുശേഷം സേവനം തൃപ്തികരമെന്ന് തോന്നിയിൽ കാശ് അടച്ച് സേവനം തുടരാം, ഇല്ലേൽ നമുക്ക് പിൻവാങ്ങാം. അപ്പോൾ ആ കാലാവധിക്കു ശേഷവും സർക്കാർ സ്പ്രിങ്ക്ളറുമായുള്ള കരാർ തുടരുകയാണെങ്കിൽ മാത്രമാണ് പ്രതിപക്ഷ നേതാവുന്നയിക്കുന്ന ' കാശുകൊടുത്തുള്ള സേവനം' എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ.

കൊവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കപ്പെടുന്ന വിവരങ്ങൾ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് ഇവിടെ ഒരു സർക്കാരാണ് പറയുന്നത്. എന്നിട്ടും കോലാഹലം ഉയർത്തുന്നുണ്ടെങ്കിൽ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? മനുഷ്യ ജീവനെ രക്ഷിക്കുവാൻ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ നടപടികളും, ഫയലൊക്കെ ഉണ്ടാക്കി സെക്രട്ടറിയേറ്റിലെ ക്ലാർക്ക് മുതൽ ചീഫ് സെക്രട്ടറി വരെ ഒപ്പിട്ട് ഗവർണറുടെ പേരിൽ ഉത്തരവ് ആയിട്ട് മതിയെന്നു പറയുന്നത് കേരളം അടുത്ത കാലത്ത് കേൾക്കുന്ന ഏറ്റവും ക്രൂരമായ രാഷ്ട്രീയ തമാശയായിരിക്കും.

പതിനായിരക്കണക്കിന് പേർ ലോകമെമ്പാടും മരിച്ചു വീഴുമ്പോൾ കേരളത്തിന് രക്ഷിക്കാൻ കഴിയാതെ പോയത് ഇതുവരെ 2 പേരെ മാത്രമാണ്. അത് ലോകത്തെ ഏത് സ്റ്റാൻഡേർഡ് വച്ച് പറഞ്ഞാലും അത്ഭുതം തന്നെയാണ്. ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്.

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ള മലയാളികളെയും പ്രവാസികളെയും കേരളത്തിൽ തിരിച്ചെത്തിക്കുന്നതിനും പരിചരിക്കുന്നതിനും അങ്ങനെ സാമൂഹ്യ വ്യാപനം സംഭവിക്കാതെ നോക്കേണ്ടതിനുമാണ് വളരെ തിടുക്കപ്പെട്ട് ഈ പ്രക്രിയകളിലൂടെ സർക്കാരിന് പോകേണ്ടി വരുന്നത്. അപ്പോൾ നടപടികൾ പാലിച്ചും നിയമസാധുതകൾ അന്വേഷിച്ചും അനുമതികൾ പല തലങ്ങളിൽ നിന്ന് വാങ്ങിയും ഇതൊക്കെ ചെയ്താ മതി ഹേ എന്നു പറയുകയും കരുതുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അധികാര രാഷട്രീയത്തിന്റെ ഇടനാഴികളിൽ ലേലം വിളിച്ച് പോകാനുള്ളതല്ല മനുഷ്യ ജീവൻ. അഥവാ മനുഷ്യനുണ്ടെങ്കിലേ രാഷ്ടീയ മുള്ളൂ, അധികാരമുള്ളൂ.