pakistan-

മുസാഫർബാദ്: പാകിസ്ഥാനിൽ കൊവിഡ് ലോക്ക്‌ഡൗൺ തുടരുമ്പോൾ ആവശ്യത്തിന് ചികിത്സയോ ഭക്ഷണമോ ലഭിക്കാതെ പാക് അധീന കാശ്മീരിലുള്ള ജനങ്ങൾ ദുരിതത്തിൽ. പ്രദേശത്ത് ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ ലഭിക്കാനില്ലെന്നാണ് റിപ്പോർട്ട്.

പഞ്ചാബ് മേഖലയിലെ മില്ലുകളിൽ നിന്നും ധാന്യമാവ് പാക് അധിനിവേശ കാശ്മീരിലേക്ക് കൊള്ളവിലയ്ക്കാണ് വില്ക്കുന്നുവെന്ന് പരാതിയുണ്ട്. രജൗരി, ജമ്മു വഴി ഇന്ത്യൻ സർക്കാർ ഭക്ഷ്യവസ്തുക്കൾ തങ്ങൾക്ക് എത്തിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭ്യർത്ഥന. അതേ സമയം, വരുന്ന 18 മുതൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും റംസാൻ മാസം അവസാനിക്കുന്നത് വരെ ഇത് തുടരുമെന്നും പാക് അധിനിവേശ കാശ്മീരിലെ വ്യാപാരി സംഘടനകൾ അറിയിച്ചു. പാക് അധിനിവേശ കാശ്മീരിൽ ഇതേവരെ 46 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആവശ്യത്തിന് ചികിത്സാ സൗകര്യം മേഖലയിലില്ലെന്നാണ് ആക്ഷേപം. പാക് അധിനിവേശ കാശ്മീരിലെ മെഡിക്കൽ ലാബുകളുടെയും ടെസ്റ്റിംഗ് കിറ്റുകളുടെയും അഭാവത്തെ പറ്റി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. രോഗവ്യാപനം തടയാൻ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരും ഇവിടെയില്ല എന്നത് സാധാരണ ജനങ്ങൾക്ക് വെല്ലുവിളിയാകുന്നു. പാകിസ്ഥാനിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ തുടരാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 6505 പേർക്കാണ് നിലവിൽ പാകിസ്ഥാനിൽ കൊവിഡ് സ്ഥികരിച്ചത്. 124 പേർ ഇതിനോടകം മരിച്ചു.