തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവു കാരണം റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഭാഗികമായി നിലച്ചു. അന്ത്യോദയ അന്നയോജന വിഭാഗത്തിൽ പെട്ടവർക്കാണ് ഇതുവരെ കിറ്റുകൾ വിതരണം ചെയ്തിരുന്നത്. ഇന്നലെ മുതൽ മുൻഗണനാ വിഭാഗത്തിൽ (പിങ്ക് കാർഡ്) പെട്ടവർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും സാധനം ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ സാധിച്ചില്ല. 20 മുതൽ വിതരണം ചെയ്യാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ചെറുപയർ, കടല, പഞ്ചസാര എന്നിവയുടെ കുറവാണ് ഇപ്പോഴുള്ളത്.
എ.എ.വൈ വിഭാഗത്തിൽ പെട്ട 5,92,483 കാർഡുടമകളിൽ 5,60,000 പേർ ബുധനാഴ്ച വൈകിട്ടോടെ കിറ്റ് വാങ്ങിയിരുന്നു. നാഫെഡിൽ ഓർഡർ നൽകിയതനുസരിച്ച് സാധനങ്ങൾ കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. മുൻഗണനാ വിഭാഗത്തിൽ 31,51,308 കാർഡുടമകളാണുള്ളത്. അത്രത്തോളം സാധനം റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്തില്ലെങ്കിൽ ഗുണഭോക്താക്കൾ കിറ്റ് കിട്ടാതെ മടങ്ങുന്ന സ്ഥിതി ഉണ്ടാകും. സൗജന്യ അരി വിതരണം ചെയ്തതു പോലെ റേഷൻ കാർഡ് നമ്പർ അടിസ്ഥാനമാക്കി വിതരണ തീയതി നിശ്ചയിക്കാനും ആലോചിക്കുന്നുണ്ട്.
മുൻഗണനാ കാർഡുടമകൾക്ക് വിതരണം ചെയ്ത ശേഷമാണ് മുൻഗണനേതര സബ്സിഡി (നീല) മുൻഗണനേതര നോൺ സബ്സിഡി (വെള്ള) റേഷൻ കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യാനുള്ളത്. നേരത്തെ പ്രഖ്യപിച്ചതുപോലെ 30 നു മുമ്പ് കിറ്റ് വിതരണം ഇപ്പോഴത്തെ നിലയിൽ പൂർത്തിയാകില്ല.