motta

കിളിമാനൂർ :ലോക്ക്ഡൗണിൽ കുടുങ്ങി വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ പല കാര്യങ്ങളിലും സ്വയം പര്യാപ്തത കൈവരിച്ചു വരികയാണ്. അക്കൂട്ടത്തിൽ ഒന്നാണ് മുടിവെട്ടുന്ന കാര്യം. ലോക്ക് ഡൗൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ബാർബർ ഷോപ്പുകളുടെ കാര്യത്തിൽ ഇന്നലെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതുവരെ ഇക്കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നതിനാൽ പലരും ബാർബർ ബാലന്മാരായി മാറി. പരീക്ഷണത്തിൽ പരാജയപ്പെടുന്നതോടെ പല തലകളും അവസാനം മൊട്ടത്തലയായി പരിണമിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശം കാരണം ബാർബർഷോപ്പുകൾ അടച്ചിരുന്നു. അതോടെ ക്ലീൻ ഷേവൊക്കെ ചെയ്തു 'എക്സിക്യൂട്ടീവ് സ്റ്റൈലിൽ' ചുള്ളന്മാരായി നടന്നവരൊക്കെ ഇപ്പോൾ ന്യൂജൻ ഫ്രീക്കൻമാരെ പോലെ മാറി. വളർന്ന തലമുടിയും താടിയും കൂടെ കടുത്ത ചൂടും കാരണം വല്ലാതെ വലഞ്ഞ പുരുഷ കേസരികൾ സ്വയം ബാർബർ ബാലന്മാരായി മാറി. സ്ത്രീകൾ പാചകത്തിൽ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുമ്പോൾ പുരുഷന്മാർ സ്വന്തം തലയിലും വീട്ടിലെ മറ്റു തലകളിലും പരീക്ഷണവുമായി ഇറങ്ങി. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച വീട്ടമ്മമാരും വീട്ടിലെ പുരുഷൻമാരുടെയും കുട്ടികളുടെയും തലയിലായി പരീക്ഷണം. ബാർബർ ഷോപ്പുകളിൽ ഒരു തലയ്ക്ക് ഇരുനൂറ് രൂപ വാങ്ങുന്നിടത്ത് ഇപ്പോൾ ഒരു കുടുംബത്തിൽ അച്ഛനും മക്കളും പരസ്പരം മുടി വെട്ടാൻ തുടങ്ങിയതോടെ കൊവിഡ് കാലത്ത് സാമ്പത്തിക ലാഭവും ആയി എന്ന പക്ഷക്കാരുമുണ്ട്. ഒരു ചീപ്പും, കത്രികയും ബ്ലേഡും ഉണ്ടെങ്കിൽ കൊവിഡ് കാലം കഴിഞ്ഞാലും ഇക്കാര്യത്തിലും സ്വയംപര്യാപ്ത കൈവരിക്കുമെന്നാണ് ഇവർ പറയുന്നത്.