b

കടയ്ക്കാവൂർ: ലോക്ക് ഡൗണിലും ഒൗവർ ടീം നാടിന് മാതൃകയാകുന്നു. കടയ്ക്കാവൂരിലെ ഒരുകൂട്ടം യുവാക്കളുടെ സംഘടനയാണ് ഒൗവർ ടീം. ഇതിൽ ഇപ്പോൾ ഇരുന്നൂറ്റി അമ്പതിൽ പരം കുടുംബങ്ങളും അംഗങ്ങളാണ്. ജീവകാരുണ്യപ്രവർത്തനങ്ങളാണ് സംഘടനയുടെ മുഖ്യലക്ഷ്യം. പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് അംഗങ്ങളിൽ നിന്നുമാത്രമാണ്. നിത്യരോഗികൾക്കും നിർദ്ധനർക്കും ഇൗ ടീം ഒരു കൈത്താങ്ങാണ്. കടയ്ക്കാവൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ പൊലീസുമായി ചേർന്ന് പ്രവർത്തിച്ചതും ഇവരാണ്.

കൊവിഡ് ബാധിച്ച് ജനം ദുരിതത്തിലായപ്പോൾ അവരെ സഹായിക്കാനുള്ള ആദ്യപ്രവർത്തനങ്ങളുമായി മുന്നിട്ട് ഇറങ്ങിയതും ഇവർതന്നെ. മാസ്കുകളും സാനിറ്റൈസറുകളും പൊതു ജനങ്ങൾക്കും നിയമപാലകർക്കും വിതരണം ചെയ്തു. കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ‌ഏറ്റവും കൂടുതൽ ദുരിതത്തിലായ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബ്ളോക്ക് പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം ഉച്ച ഭക്ഷണം നൽകാൻ മുന്നോട്ട് വന്നതും ഇവർ തന്നെ.

പ്രഭാത ഭക്ഷണവും ഇപ്പോൾ നൽകുന്നുണ്ട്. ആദ്യഘട്ട ലോക്ക്ഡൗൺ തീർന്ന വിഷുവിന് പായസമുൾപ്പെടെയാണ് ഇവർ ഭക്ഷണം വിളമ്പിയത്. ഇവരുടെ ഭക്ഷണവിതരണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ശശി, വർക്കല എം.എൽ.എ ജോയി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, കൊവിഡ് 19 താലൂക്ക് സെൽ കോ-ഓർഡിനേറ്റർ ഡോ. രാമകൃഷ്ണ ബാബു, ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവർ ഭക്ഷണവിതരണത്തിന് ഒപ്പം കൂടിയത് യുവാക്കൾക്ക് കൂടുതൽ ആവേശമായി. വിദേശത്ത് നിന്നും അവധിക്ക് വന്നവരിൽ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശം കർശനമായി പാലിച്ച് റൂം ക്വാറന്റൈയിനിൽ കഴിഞ്ഞ് കാലാവധി പൂർത്തിയാക്കിയ യുവാക്കളെ വീടുകളിൽ ചെന്ന് ഡോ. രാമകൃഷ്ണബാബുവിനെ കൊണ്ട് ആദരിപ്പിക്കുകയും ചെയ്തു. അൻവിൻമോഹൻ,ജയ്മോഹൻ, കിച്ചു, സുജീഷ്, എന്നിവരാണ് ഒൗവർ ടീം നയിക്കുന്നത്.