vld-3

വെള്ളറട: ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും വാങ്ങാൻ നിയന്ത്രണങ്ങൾ മറികടന്ന് ജനം ബാങ്കുകളിൽ. ബാങ്കുകളിലെ സെക്യൂരിറ്റി ജീവനക്കാർക്കും പൊലീസിനും നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ജനങ്ങൾ തടിച്ചുകൂടുന്നത്. ക്ഷേമ പദ്ധതിയിലെ ആനുകൂല്യങ്ങൾ നൽകുന്ന ജില്ലാ സഹകരണ ബാങ്കുകളിൽ ജനം തിക്കിത്തിരക്കുന്ന സ്ഥതിയാണ്. ഇവരെ സഹായിക്കാനെന്നപേരിൽ യൂണിയൻ നേതാക്കളും രംഗത്തുണ്ട്. ആയിരം രൂപയുടെ ക്ഷേമനിധി ആനുകൂല്യത്തിന് ഫാറം പൂരിപ്പിച്ചു നൽകാനായി നൂറും അൻപതും രൂപ വച്ച് നേതാക്കന്മാർ കൈക്കലാക്കുന്നതായും ആക്ഷപമുണ്ട്. ഇന്നലെ രാവിലെ വെള്ളറട ജില്ലാ സഹകരണ ബാങ്കിനു മുന്നിൽ ഒരു തൊഴിലാളി യൂണിയൻ നേതാവ് 100 രൂപ വച്ച് വാങ്ങിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. ഇത് പിന്നീട് ചിലർ ഇടപെട്ട് അൻപതുരൂപയാക്കി മാറ്റി. എന്നാൽ ഇരുപത് രൂപയ്ക്കുവരെ ഫാം പൂരിപ്പിച്ചു നൽകി തൊഴിലാളുകളെ സഹായിച്ച നേതാക്കളും ഉണ്ടായിരുന്നു. ജനങ്ങൾ തടിച്ചുകൂടുന്നുവെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാങ്കിൽ കൂട്ടമായി നിന്നവരെ ഓടിച്ചു. ബാങ്കുകളുടെ പ്രവർത്തനം ഉച്ചവരെ ആയതിനാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ എത്തുന്നവരിൽ പലരും ക്യൂവിൽ നിന്ന് നിരാശരായി മടങ്ങേണ്ട ഗതികേടിലാണ്.